നരിക്കുനി അത്താണി ഇരുപതിൻ്റെ നിറവിൽ


നരിക്കുനി : അത്താണി 20-ാം വാർഷികം ഇന്ന് (28 08) തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.പി.അബ്‌ദുൽ ഖാദർ, എം.എ.ജബ്ബാർ, നൗഷാദ് നരിക്കുനി, ഒ.സുലൈമാൻ, മുനീർ കാരക്കുന്നത്ത്, കബീർ പാറന്നൂർ, പിആർഒ ടി.ഷമീന എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 10 ന് വാർഷിക പ്രഖ്യാപന സമ്മേളനം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. സന്ദർശന ഉദ്ഘാടനം വൈകിട്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് ട്രോമാ കെയർ പരിശീലനം, ഭിന്നശേഷി സംഗമം, രോഗ നിർണയ ക്യാംപ്, വനിതാ ക്യാംപ്, സ്നേഹ സംഗമം തുടങ്ങിയ പരിപാടികൾ ഉണ്ടാകും. 
സമാപന സമ്മേളനം 31ന് വൈകിട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
നാടിനു നന്മയേകണമെന്ന ലക്ഷ്യത്തോടെ 2005 ഓഗസ്‌റ്റ് മാസത്തിൽ രൂപപ്പെട്ട ചെറിയൊരു കൂട്ടായ്‌മയിൽ നിന്നാണു അത്താണിയുടെ പിറവി 28-ാം വയസ്സിൽ മരത്തിൽ നിന്നു വീണുനട്ടെല്ല് തകർന്ന് അടുക്കൻമലയുടെ മുകളിൽ ഒരു ഷെഡിനുള്ളിൽ കഴിഞ്ഞിരുന്ന രാജനെ അത്താണി പ്രവർത്തകർ ഏറ്റെടുത്തു, അങ്ങനെ രാജൻ അത്താണിയിലെ ആദ്യ അന്തേവാസിയായി രാജൻ ഇപ്പോഴും അത്താണിയുടെ തണലിൽ സംതൃപ്ത്‌തനായി കഴിയുന്നു. രാജൻ ഉൾപ്പെടെയുള്ള 5 കിടപ്പുരോഗികൾക്കായി മടവൂർ മുക്കിലെ വീട്ടിലാണ് പരിചരണ കേന്ദ്രം 2011 ൽ തുടങ്ങിയത്. 2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അത്താണിക്ക് തറക്കല്ലിട്ടത്. 2013 ൽ സ്വന്തം കെട്ടിടത്തിൽ ഇവിടെ അത്താണി പ്രവർത്തനം തുടങ്ങി. ഇരുപതാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ 55 പേരാണ് അത്താണിയിലെ അന്തേവാസികൾ. നരകയാതനകളിൽ നിന്നു മോചനം ലഭിച്ച 27 പുരുഷൻമാരും 28 സ്ത്രീകളും സാന്ത്വന പരിചരണ കേന്ദ്രത്തിനു പുറമേ നിത്യ രോഗികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യവും അത്താണിയിൽ ഉണ്ട്. നരിക്കുനി, കാക്കൂർ, മടവൂർ, കിഴക്കോത്ത്, ചേളന്നൂർ, കുരുവട്ടൂർ, നന്മണ്ട പഞ്ചായത്തുകളിലായി 750 രോഗികൾക്ക് വീടുകളിൽ എത്തി പരിചരണം നൽകിവരുന്നു. ഫിസിയോ തെറാപ്പി സെന്റർ തുടങ്ങി.
അത്താണിയുടെ വരുമാനത്തിന് വേണ്ടി ഒരു സുഹൃത്ത് നിർമ്മിച്ച് തന്ന ഒരു ഫാർമസിയും ഒരു പോളി ക്ലിനിക്കും പ്രവർത്തിക്കുന്നു. 150 പേർക്കാണു മാനസികാരോഗ്യ പിന്തുണ നൽകുന്നത്. ഇവർക്ക് മരുന്നുകളും കൗൺസിലറുടെ സേവനവും ലഭ്യമാക്കുന്നു ആംബുലൻസ്. ഫ്രീസർ സൗകര്യങ്ങളും അത്താണി നൽകുന്നുണ്ട്. ഒരു നിർധന കുടംബത്തിലെ ഒന്നിൽ അധികം രോഗികൾക്ക് ഒരുമിച്ചു നിൽക്കുന്നതിന് സൗജന്യമായി ലഭിച്ച 1.10 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ഹാർമണി വില്ലേജിൽ 8 കോട്ടേജുകൾ പണി കഴിപ്പിച്ചു പ്രവർത്തിച്ചു വരുന്നു.
2018 ൽ തുടങ്ങിയ ഡയാലിസിസ് സെൻ്റർ അതുവരെ ദൂര സ്‌ഥലങ്ങളെ ആശ്രയിച്ചിരുന്ന പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്വാസമായി മാറി. യാത്രാ ചെലവുകൾ തന്നെ അവർക്ക് ഭാരിച്ചതായിരുന്നു. 70 പേർക്കാണ് ഇവിടെ ഡയാലിസിസ് നടത്തുന്നത്. ഭൂരിഭാഗം ആളുകൾക്കും ഈ സേവനം സൗജന്യമാണ്. അത്താണിയുടെ പ്രവർത്തനങ്ങളും റീ ഹാബിലിറ്റേഷൻ പദ്ധതിയും വിപുലമാക്കുന്നതിന് വലിയൊരു ക്യാംപസ് ആവശ്യമായി വന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ ഇരുപതാം വാർഷികത്തിൽ തുടങ്ങിയിരിക്കുന്നു. അത്താണിയുടെ ലക്ഷ്യങ്ങൾക്ക് നാട് നൽകുന്ന പിന്തുണയാണ് പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ പ്രചോദനമേകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

കൊടിയ രോഗ പീഡകളാൽ വേദനിക്കുന്നവർക്കു നേരെ സാന്ത്വന പരിചരണത്തിനായി 20 വർഷങ്ങൾക്ക് മുൻപ് നീട്ടിയ കരങ്ങൾ അത്താണി പിന്നീട് മടക്കിയിട്ടില്ല. ആ കരങ്ങൾ തേടി നാടിൻ്റെ നാനാ ഭാഗത്തു നിന്നും എത്തുന്നവരുടെ എണ്ണം പതിന്മടങ്ങായി വർധിച്ചു കൊണ്ടേയിരിക്കുന്നു.

 

Post a Comment

0 Comments