ഡിവൈഎഫ്ഐ സമരാഭാസം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടും: യൂത്ത് കോൺഗ്രസ്

കോഴിക്കോട് : ഷാഫി പറമ്പിൽ എംപിക്ക് എതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരാഭാസം അവസാനിപ്പിച്ചില്ലെങ്കിൽ യൂത്ത്
കോൺഗ്രസ് തെരുവിൽ നേരിടുമെന്ന് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ. വടകര ടൗൺഹളിൽ കെ.കെ.രമ എംഎൽഎ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോൾ ഡിവൈഎഫ്‌ഐക്കാർ ഷാഫി പറമ്പിലിനെ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിലും അസഭ്യം വിളിച്ചതിലും പ്രതികരിക്കുകയായിരുന്നു ആർ.ഷഹിൻ.
സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഭാസം എന്തിൻ്റെ പേരിലാണെന്നു പോലും വ്യക്‌തമാക്കാൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും പെൺവേട്ടക്കാരെ സംരക്ഷിക്കുന്നതിലുള്ള ജാള്യത മറച്ചുപിടിക്കാനാണ് ഡിവൈഎഫ്‌ഐ ബോധപൂർവം ആക്രമണങ്ങൾ അഴിച്ചുവിട്ട് ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള ഒരു സമരത്തെയും യൂത്ത് കോൺഗ്രസ് തള്ളിപ്പറയില്ലെന്നും എന്നാൽ അതിൻ്റെ പേരിൽ ആക്രമണങ്ങൾക്ക് ശ്രമിച്ചാൽ കൈയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും ആർ.ഷഹിൻ പറഞ്ഞു.  ഭരണവിരുദ്ധ വികാരത്തിൽ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ വക്രബുദ്ധിയെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.  
രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സമൂഹത്തിൽ സംഘർഷവും കലാപവും സൃഷ്ടിക്കാനുള്ള സിപിഎമ്മിൻ്റെയും ഡിവൈഎഫ്ഐയുടെയും നീക്കങ്ങളെ അമർച്ച ചെയ്‌ത് വടകര മേഖലയിൽ പൊലീസ് സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആർ.ഷഹിൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments