തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഒത്തുകളി : രാഹുൽ ഗാന്ധി

ന്യൂഡൽഹി :  
തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയും ജനഹിതം അട്ടിമറിക്കുകയും ചെയ്തെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വ്യാജ വോട്ടർമാരെ വ്യാപകമായി പട്ടികയിൽ ചേർക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 
ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 
ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാൽ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. 
വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. 

∆ ക്രമക്കേടുകൾ കണ്ടെത്താൻ ആറു മാസത്തെ പഠനം
 
ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വൻ കൃത്രിമം നടന്നതായി രാഹുൽ ആരോപിച്ചു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കൃത്രിമമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെ വ്യാജ വോട്ടർമാരെയും, അസാധുവായ വിലാസങ്ങളും, ഒന്നിലധികം വോട്ടുകൾ ചെയ്യുന്നവരെയും കോൺഗ്രസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 
11,965 പേർക്ക് ഒന്നിലധികം വോട്ടുകളും, 40,009 പേർക്ക് വ്യാജ മേൽവിലാസവും 10,452 പേർക്ക് ഒരേ വിലാസവും, 4132 പേർക്ക് തെറ്റായ ചിത്രങ്ങളും 33,692 പേർക്ക് ഫോം 6 ഇല്ലെന്നുംമാണ് കണ്ടെത്തിയത്.
2024-ലെ ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ ശക്തമായ മത്സരമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയത്തും കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ലീഡ് നിലനിർത്തിയെങ്കിലും, അന്തിമ ഫലത്തിൽ ബിജെപിയുടെ പി.സി.മോഹൻ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. 
ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്‌ടിക്കുന്നുവെന്ന് വ്യക്തമാണ്. 
ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്റ്റ് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. അതിനാൽ രേഖകൾ പരിശോധിക്കുന്നതിനു  ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 
∆ തിരഞ്ഞെടുപ്പ് കൊള്ളയടിക്കപ്പെട്ടു

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർത്തതിനേക്കാൾ കൂടുതൽ വോട്ടർമാരെ അഞ്ച് മാസം കൊണ്ട് ചേർത്തത് ഞങ്ങളിൽ സംശയമുണ്ടാക്കി, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയേക്കാൾ കൂടുതൽ പുതിയ വോട്ടർമാരെ ചേർത്തുവെന്നത് അവിശ്വസനീയമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടിംഗ് ശതമാനത്തിൽ അപ്രതീക്ഷിതമായി വലിയ വർധനവുണ്ടായെന്നും, ഏതാനും മാസങ്ങൾക്കിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ 'ഇൻഡ്യ' സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടച്ചുനീക്കപ്പെട്ടത് സംശയാസ്പ‌ദമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയതും സംശയാസ്പദമാണ്. 

∆ 'ഹൗസ്‌നമ്പർ 0'

കർണാടകയിൽ വ്യാജവിലാസത്തിലും വോട്ടുകളെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇവിടെ പലർക്കും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലിഷ് അക്ഷരങ്ങൾ മാത്രമായിരുന്നു. ഒരേ വീടിന്റെ നമ്പറിൽ 80 വോട്ടർമാർ വരെ വോട്ട് രേഖപ്പെടുത്തി. കർണാടകയിലെ ക്രമക്കേടുകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിട്ടുള്ളത്.

Post a Comment

0 Comments