ഛത്തീസ്ഗഢ്: കന്യാസ്ത്രീകൾക്ക് ജാമ്യം
ബിലാസ്‌പൂർ : ചത്തിസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് റിമാൻഡ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗം സിസ്‌റ്റർ പ്രീതി മേരി എന്നിവർക്കാണ് ബിലാസ്‌പൂരിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.
ബജ്റംഗ്‌ദൾ പ്രവർത്തകരുടെ ശക്‌തമായ ഇടപെടലുകളെ തുടർന്നാണ് ദുർഗ് പൊലീസ് കേസെടുത്തത്. ഓഫിസിലെയും ഹോസ്‌പിറ്റലിലെയും ജോലികൾക്കായി കൂടെ കൊണ്ടുപോവുകയായിരുന്ന 3 പെൺകുട്ടികൾക്കൊപ്പം ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണു പ്രശ്‌നങ്ങൾ തുടങ്ങിയത്. ബജ്റംഗ്‌ദൾ പ്രവർത്തകർ കൂട്ടമായി എത്തി കന്യാസ്ത്രീകളെയും പെൺകുട്ടികളെയും തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകാതെ റിമാൻഡ് ചെയ്‌തതിനാൽ 9 ദിവസമാണ് ഇവർ ജയിലിൽ കിടന്നത്. കന്യാസ്ത്രീകളുടെ അറസ്‌റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്‌തമായിരുന്നു. രണ്ട് ആൾ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം നൽകുന്നത്. പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത കേരളത്തിനു വലിയ ആശ്വാസമായി.
Post a Comment
0 Comments