ചരിത്രത്തിലേക്കുള്ള വെളിച്ചമായി ചിത്രകാരൻ

പി.സതീഷ് കുമാർ

കോഴിക്കോട് : ചിത്രകാരനായ അധ്യാപകൻ്റെ കൗതുകം പുറത്തെത്തിച്ചത് പത്ത് നൂറ്റാണ്ട് മുൻപുള്ള ഒരു ചരിത്രം. മഞ്ചേരി തൃക്കലങ്ങോട്ട് മേലേടത്ത് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നു നൂറ്റാണ്ടുകൾക്കു മുൻപുള്ള ശിലാലിഖിതം കണ്ടെത്തുന്നതിനാണു ബാലുശ്ശേരി മണ്ണാംപൊയിൽ പടിഞ്ഞാറെ വീട്ടിൽ പി.സതീഷ് കുമാർ നിമിത്തമായത്. 
പുരാവസ്തു വിദഗ്ധർ നടത്തിയ പരിശോധന 

9-ം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാക്കൻമാരുടെ കാലഘട്ടത്തെ കുറിച്ച് വിവരം ലഭിക്കുന്ന ശിലാ ലിഖിതമാണ് തൃക്കലങ്ങോട്ട് ക്ഷേത്രത്തിൽ നിന്നു ലഭിച്ചത്. പെരുമാക്കൻമാരിൽ മൂന്നാമത്തെ ഭരണാധികാരി ആയിരുന്ന കോതരവി പെരുമാളുടെ ശിലാലിഖിതം കണ്ടെത്തുന്നതിനാണു സതീഷ് കുമാർ ചരിത്ര നിമിത്തമായി മാറിയത്. ഭക്തരുടെ പാദസ്‌പർശങ്ങളേറ്റു മാഞ്ഞുപോയ ലിഖിതം അങ്ങനെ ചരിത്രത്തിൻ്റെ ഭാഗമായി. 
പാലോറ എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകനായ ഇദ്ദേഹം വളരെ യാദൃശ്ചികമായാണ് ഈ ചരിത്രം കണ്ടെത്തുന്നതിൻ്റെ  ഭാഗമായത്.
പ്രദക്ഷിണവഴിയിൽ ചരിത്ര രേഖ കണ്ടെത്തിയപ്പോൾ

തൃക്കലങ്ങോട്ട് ക്ഷേത്രത്തിലെ ഭാരവാഹികൾ വേട്ടയ്ക്കൊരുമകൻ്റെ ആരൂഢ സ്‌ഥാനമായ ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രം സന്ദർശിച്ചിരുന്നു. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ തയാറാക്കിയ ചിത്രങ്ങളും കീ ചെയിനുകളും കണ്ട് അതേ മാതൃക തൃക്കലങ്ങോട്ട് ക്ഷേത്രത്തിലും നടപ്പാക്കാൻ ആഗ്രഹിച്ചാണ് ഭാരവാഹികൾ സതീഷ് കുമാറിനെ ബന്ധപ്പെടുന്നത്. അവരുടെ ക്ഷണം സ്വീകരിച്ച് തൃക്കലങ്ങോട്ട് ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വട്ടശ്രീകോവിലിനു മുൻപിൽ പ്രദക്ഷിണ വഴിയിൽ പാകിയ കല്ലുകളിൽ ഒന്ന് സതീഷ് കുമാറിൻ്റെ കണ്ണിൽ പതിഞ്ഞത്. കാലങ്ങളായി നിരന്തരം കാൽപാദങ്ങൾ പതിഞ്ഞ് ലിഖിതങ്ങളിൽ പലതും മാഞ്ഞുപോയിരുന്നു. എങ്കിലും ചരിത്രപ്രാധാന്യമുള്ളതായിരിക്കുമെന്ന നിഗമനത്തിൽ സതീഷ് കുമാർ പഴശ്ശിരാജ മ്യൂസിയം ഓഫിസറായ കെ.കൃഷ്ണരാജിനു ശിലാ ലിഖിതത്തിൻ്റെ ചിത്രം എടുത്ത് വിവരം അറിയിക്കുകയായിരുന്നു.
 ശിലാലിഖിതം

പുരാവസ്തു‌ വിഭാഗം നടത്തിയ പഠനത്തിലാണ് ഇതിൻ്റെ ചരിത്ര പ്രാധാന്യം വെളിപ്പെട്ടത്. സ്വസ്‌തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിൻ്റെ പേര് ക്യത്യമായി വായിച്ചെടുക്കാം. ക്ഷേത്രത്തിൽ ചെയ്‌ത ഏതോ നിയമ വ്യവസ്ഥയാണു ലിഖിതത്തിലെ പരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്‌ഥ ലംഘിച്ചവരാകും എന്ന് ലിഖിതത്തിന്റെ താഴ് ഭാഗത്ത് വായിച്ചെടുക്കാനാകും. വർഷം സൂചിപ്പിക്കുന്ന ഭാഗവും മുകൾ ഭാഗവും അവ്യക്ത‌മാണ്. കോതരവി പെരുമാളിൻ്റെ ഭരണകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഉത്തരവായിരുന്നു ഈ ലിഖിതമെന്ന് മനസ്സിലാക്കുന്നു. കോതരവി പെരുമാളിൻ്റെ 9 ശിലാരൂപ ലിഖിതങ്ങൾ മുൻപ് കണ്ടെത്തിയിരുന്നു. സതീഷ് കുമാറിൻ്റെ ശ്രദ്ധയിലൂടെ ലഭിച്ചത് പത്താമത്തെ ശിലാശാസനമാണ്. അങ്ങനെയാണു ചിത്രകാരൻ നൂറ്റാണ്ടുകൾ പഴക്കമുള്ള
ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. 
മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് മുദ്ര പകർപ്പ് തയാറാക്കിയത്.
പുരാവസ്തു വകുപ്പ് തയാറാക്കിയ മുദ്ര പകർപ്പ്

ഡോ.എം.ആർ.രാഘവ വാര്യർ, ഡോ.കേശവൻ വെളുത്താട്ട് എന്നിവർ ഈ ലിഖിതം പരിശോധിച്ചു. അക്ഷരങ്ങൾ അവ്യക്‌തമായതിനാൽ പൂർണമായ പാഠം തയാറാക്കാൻ പ്രയാസമാണ്. കോതരവിയുടെ പതിനഞ്ചാം വർഷത്തിലെ ചോക്കൂർ ലിഖിതത്തിലാണു മൂഴിക്കള വ്യവസ്‌ഥ ആദ്യം പരാമർശിക്കുന്നത്. തൃക്കലങ്ങോട്ടു ലിഖിതം അതിനു മുൻപുള്ളതാണെങ്കിൽ മൂഴിക്കളക്കച്ചം പരാമർശിക്കുന്ന ആദ്യത്തെ രേഖ ഇതായിരിക്കുമെന്നാണു ചരിത്രകാരൻമാരുടെ അഭിപ്രായം.

Post a Comment

0 Comments