കേളോത്ത് ജിഎൽപി സ്കൂളിൽ കവർച്ചാ ശ്രമം

പൂനൂർ : കേളോത്ത് ജിഎൽപി സ്‌കൂളിൽ കവർച്ചാ ശ്രമം. ഓഫിസിൻ്റെ പൂട്ട് തല്ലിത്തകർത്താണ് മോഷ്‌ടാവ് സ്‌കൂളിനുള്ളിൽ കടന്നത്. പണം ഉണ്ടാകുമെന്ന് കരുതി ഓഫീസിലെ മേശയും അലമാരയും വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശയിൽ സൂക്ഷിച്ച 4 ലാപ്ടോപ്പുകൾ എടുത്ത് പുറത്തിട്ടു. ഇത് കൂടാതെ തകർത്ത നിലയിൽ രണ്ട് ലാപ്ടോപ്പുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. കിണറിനു മുകളിൽ നിന്നു തകർത്ത നിലയിലും പറമ്പിൽ നിന്നു മറ്റൊരു ലാപ്ടോപ്പും ലഭിച്ചു. കൈറ്റ് സ്‌റ്റിക്കർ പതിച്ചിട്ടുള്ള ഈ രണ്ട് കംപ്യൂട്ടറുകളും കേളോത്ത് ജിഎൽപി സ്‌കൂളിലേത് അല്ല. മറ്റേതോ സ്‌കൂളിൽ നിന്നു മോഷ്‌ടിച്ച ലാപ്ടോപ്പുകൾ തകർത്ത് ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. കേളോത്ത് മേഖലയിൽ സാമൂഹികവിരുദ്ധ ശല്യം വർധിച്ചതായി പരാതിയുണ്ട്. പ്രദേശത്ത് രാത്രി വൈകിയും ആളുകൾ കൂടുന്ന സാഹചര്യം ഉണ്ട്. ഇതിനു പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്‌കൂളിനു പൂർണമായി ചുറ്റുമതിൽ ഇല്ലാത്തതും തെരുവ് വിളക്കുകൾ കത്താത്തതും സാമൂഹികവിരുദ്ധർക്ക് അനുകൂലമാകുന്നതായി നാട്ടുകാർ പറഞ്ഞു. ബാലുശ്ശേരി എസ്‌ഐ എം.സുജിലേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിപിഒ പ്രവീഷ്, സിപിഒമാരായ ഷംസുദ്ദീൻ, ഒ.എം.ബിജു, ഫൈസൽ കേളോത്ത് എന്നിവർ സ്‌ളിലെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. 

Post a Comment

0 Comments