സുപ്രീംകോടതി മുൻകൂർ ജാമ്യം റദ്ദാക്കി: പ്രതി കീഴടങ്ങി


കാക്കൂർ : ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചതോടെ മറ്റു വഴികൾ ഇല്ലാതെ പ്രതി കോടതിയിൽ കീഴടങ്ങി കോടതിയിൽ കീഴടങ്ങിയ ചേവായൂർ കടുങ്ങാംപൊയിൽ കെ.വി.സുരേഷ്ബാബുവിനെ (60) കാക്കൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹ വാഗ്ദാനം നൽകി 2017 മുതൽ പീഡനത്തിനു ഇരയാക്കിയെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നുമാണ് കാക്കൂർ സ്വദേശിനിയുടെ പരാതി. പരാതിയിൽ കാക്കൂർ പൊലീസ് കേസെടുത്തെങ്കിലും സുരേഷ്ബാബു വിചാരണ കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി ഇതിനു എതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിരുന്നു. അതിജീവിതയുടെ ഭാഗം കേൾക്കാതെ മുൻകൂർ ജാമ്യം നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു എതിരെ സുരേഷ്ബാബു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി ബലാത്സംഗക്കേസിൽ അതിജീവിതയുടെ വാദം കേൾക്കാതെ പ്രതികൾക്ക് കോടതികൾ ജാമ്യം നൽകരുതെന്ന് അപ്പീൽ തള്ളിക്കൊണ്ട് സുപ്രീംകോടതി ജസ്‌റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി.അഞ്ജാരിയ എന്നിവർ ഉത്തരവിട്ടു. ബലാത്സംഗം, പട്ടികജാതി, വർഗ വിഭാഗങ്ങൾക്കു എതിരായ അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതിജീവിതയുടെ വാദം കേൾക്കണമെന്ന് കഴിഞ്ഞ ഡിസംബറിലും സുപ്രീംകോടതി ഉത്തരവ് നൽകിയിരുന്നു.

Post a Comment

0 Comments