റോഡിൽ കിടന്ന് ഹോം ഗാർഡ് ബസ് തടഞ്ഞു


കുന്നമംഗലം : വിദ്യാർഥികളെ കയറ്റാനുള്ള നിർദേശം വകവയ്ക്കാതെ മുന്നോട്ടുപോയ സ്വകാര്യ ബസിനു മുൻപിൽ കിടന്ന് ഹോം ഗാർഡ് തടഞ്ഞു. 
ഇന്നലെ വൈകിട്ട് കാരന്തൂർ മർകസ് സ്‌റ്റോപ്പിലാണ് ഹോം ഗാർഡ് വെള്ളലശ്ശേരി നാഗരാജൻ കിടന്നു കൊണ്ട് ബസ് തടഞ്ഞത്. ഇവിടെ നിർത്തുന്ന ബസുകൾ വിദ്യാർഥികളെ കയറ്റാതെ പോകുന്നത് പതിവാണ്. ഇന്നലെയും സ്‌റ്റോപ്പിൽ നിർത്തിയ ബസ് വിദ്യാർഥികളെ കയറ്റാതെ മുന്നോട്ടു നീക്കിയപ്പോഴാണു ഹോം ഗാർഡ് ബസിനു മുൻപിൽ നിന്നത്. 
ബസ് ശരീരത്തിൽ മുട്ടുന്ന നിലയിൽ എത്തിയപ്പോൾ നാഗരാജൻ റോഡിൽ കിടന്ന് തൻ്റെ ദേഹത്തുകൂടെ ബസ് കയറ്റിക്കൊണ്ടു പോകാൻ വെല്ലുവിളിച്ചു. നിർദേശം പാലിക്കാതെ ബസ് മുന്നോട്ടെടുത്ത ഡ്രൈവറുടെ നടപടിയിൽ തൻ്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു ഹോം ഗാർഡ്. 
തങ്ങൾക്കു വേണ്ടി റോഡിൽ ബസിനു മുൻപിൽ കിടന്ന ഹോം ഗാർഡ് നാഗരാജനെ കൈയടികളോടെയാണു വിദ്യാർഥികൾ സ്വീകരിച്ചത്. 

Post a Comment

0 Comments