കുട്ടികൃഷ്ണ മാരാർക്ക് ജന്മ നാട്ടിൽ സ്മാരകം

തിരൂർ
മലയാള സാഹിത്യ നിരൂപണത്തിൻ്റെ പിതാവ്  കുട്ടികൃഷ്ണ മാരാർക്ക് ജന്മനാടായ തൃപ്രങ്ങോട് സ്മാരകം യാഥാർഥ്യമായി.
മാരാർ വിട പറഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും മലയാള നിരൂപണ സാഹിത്യ ലോകത്ത് കുട്ടികൃഷ്ണമാരാരെയും അദ്ദേഹത്തിന്റെ കൃതികളെയും വെല്ലാൻ തക്ക സൃഷ്ടികൾ ഇതു വരെ ഉണ്ടായിട്ടില്ല.  സാഹിത്യ വിമർശനത്തെ എഴുത്തിൻ്റെ നാനാ തുറകളിലേക്കും  വ്യാപിപ്പിച്ച എഴുത്തുകാരനായിരുന്നു മാരാർ. കലയെയും സംസ്കാരത്തെയും ജീവിത മൂല്യങ്ങളെയും നിരന്തരം പുനർവായനക്ക് വിധേയമാക്കി നിരൂപണ സാഹിത്യത്തിന് ഊടുംപാവും നൽകിയ മഹാപ്രതിഭ എന്ന നിലയിലാണ് കുട്ടികൃഷ്ണമാരാറെ കാലം അടയാളപ്പെടുത്തിയത്. 2025 ജൂൺ പതിനാലിനായിരുന്നു കുട്ടികൃഷ്ണമാരാരുടെ 125-ാം ജന്മദിനം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട്  ആണ് മാരാരുടെ ജന്മദേശം. അവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് മംഗലത്താണ് മഹാകവി വള്ളത്തോൾ പിറന്നത്.1900 ജൂൺ 14 ന് ജനിച്ച മാരാർ, 1973 ഏപ്രിൽ 6 ന് തൻ്റെ 73-ാം വയസ്സിൽ അന്തരിച്ചു. കവിതയിലും കഥയിലും അക്കാലത്തുണ്ടായ വളർച്ചക്കൊപ്പം സാഹിത്യ വിമർശന ശാഖയെയും പ്രോജ്ജ്വലമാക്കുന്നതിൽ  കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, എം.പി.പോൾ എന്നിവർക്കൊപ്പം മാരാർ വഹിച്ച പങ്ക് അനിഷേധ്യമാണ്. നാലപ്പാട്ട് നാരായണ മേനോനുമായുള്ള സഹവാസത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ മനസ്സിലാക്കി. സാഹിത്യ വിമർശനത്തിൽ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാൻ കുട്ടികൃഷ്ണമാരാർക്കായി. ചിത്രകലയിലും കവിതയിലും താൽപര്യമുണ്ടായിരുന്ന മാരാർ കുല വിദ്യയായ ചെണ്ടവാദ്യവും സ്വയത്തമാക്കി.
1948 ലാണ് മഹാഭാരതത്തെ ഇതിവൃത്തമാക്കി മാരാർ 'ഭാരതപര്യടനം' എന്ന ഗ്രന്ഥം എഴുതിയത്. ഇതിനകം 1,95,000 കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകമാണ് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട മാരാർ കൃതി.
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ കേവലം മനുഷ്യരാക്കി വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഈ രചന പുതിയ കാലത്തിരുന്ന് മാരാർക്ക് എഴുതാൻ കഴിയുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. വലതുപക്ഷ ചിന്തയുടെ ഓരം ചേർന്നു നടന്ന മാരാരെപ്പോലെ ഒരെഴുത്തുകാരൻ ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നത് മഹാസംഭവമായാണ് വിലയിരുത്തപ്പെട്ടത്. അതുകൊണ്ടാണ് കുട്ടികൃഷ്ണമാരാർ പുരോഗമന സാഹിത്യ സരണിയുടെ കാമുകനാണെന്ന് ഇടതുപക്ഷ ചിന്തകർ അവകാശപ്പെടുന്നത്. 'മഹാഭാരതം' എങ്ങനെ വായിക്കണമെന്ന് മലയാളിയെ പഠിപ്പിച്ച കൃതിയാണ് 'ഭാരതപര്യടനം'.  
കല ആർക്കുവേണ്ടി എന്ന ആശയത്തെ ചൊല്ലി പുരോഗമന സാഹിത്യ പ്രസ്ഥാനക്കാരുമായി തർക്കിച്ചപ്പോഴും സ്വന്തം വ്യക്തിത്വമുള്ള മനുഷ്യ കഥാപാത്രങ്ങളെ അദ്ദേഹം തൻ്റെ കൃതികളിൽ അവതരിപ്പിച്ചു.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ  'സഹൃദയൻ' തുടങ്ങിയ സംസ്‌കൃത പത്രികകളിൽ മാരാർ ലേഖനങ്ങൾ എഴുതിയിരുന്നു.1923 ൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ ചേർന്ന് മദിരാശി സർവ്വകലാശാലയുടെ സാഹിത്യ ശിരോമണി പരീക്ഷ പാസായ മാരാർ,1938 മുതൽ 1961 വരെ കോഴിക്കോട് മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു.1966 മെയ്‌ 26 ന് ഭാര്യയുടെ വിയോഗ ശേഷം മാതൃഭൂമിയിലെ ജോലിയിൽ നിന്ന് അദ്ദേഹം വിരമിച്ചു. പിന്നീട് ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ട് പൂർണ്ണമായും അദ്ധ്യാത്മിക ജീവിതമാണ് മാരാർ നയിച്ചത്.1947 ൽ പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിൽ നിന്ന് 'സാഹിത്യരത്നം' തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്ന് 'സാഹിത്യനിപുണൻ' എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തിന് 'ഭാരതപര്യടനം' രചിച്ചതിൻ്റെ പേരിൽ മദ്രാസ് ഗവൺമെന്റിന്റെ പുരസ്കാരവും ലഭിച്ചു. 'കല ജീവിതം തന്നെ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങൾ മാരാരെ തേടിയെത്തി. 
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖ'യുടെ കർത്താവ് ഒ ചന്തുമേനോൻ മരണപ്പെട്ടതിന്റെ തൊട്ടടുത്ത വർഷമാണ് കുട്ടികൃഷ്ണമാരാർ ജനിച്ചത്. സിവി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' എന്ന ചരിത്രാഖ്യായിക പുറത്തുവന്ന് 10 കൊല്ലം തികയുന്നതിന് മുമ്പ്. മലയാളത്തിലെ ഗദ്യസാഹിത്യം ശൈശവദശ പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും കുട്ടികൃഷ്ണ മാരാരും പ്രാരംഭ കാലത്ത് അഭ്യസിച്ചത് സംസ്കൃതമാണ്. സാഹിത്യമെന്നാൽ സംസ്കൃതമാണെന്നും മലയാളത്തിൽ എഴുതുന്ന ആൾ അരക്കവിയാണെന്നും വിവക്ഷിക്കപ്പെട്ട കാലം. പൂന്തേനാം പല കാവ്യം കണ്ണനു നിവേദിച്ച പൂന്താനത്തിന്റെ ഭാഷാകവിത തിരുത്താൻ പണ്ഡിത കേസരി മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് മടിച്ചത് പ്രസിദ്ധമാണല്ലോ. പൂന്താനത്തിന്റെ ഭക്തിയാണ് മേൽപ്പത്തൂരിൻ്റെ വിഭക്തിയേക്കാൾ ഭഗവാന് ഇഷ്ടമെന്ന് കവിതയിൽ സ്ഥാപിച്ച  മഹാകവി വള്ളത്തോളാണ് മാരാരെ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വഴി നടത്തിയത്. 
സാഹിത്യകാരന്മാർ വരേണ്യ വർഗ്ഗക്കാർ മാത്രമാണെന്ന ചിന്ത വ്യാപകമായിരുന്ന ഘട്ടത്തിലാണ് മാരാർ തൻ്റെ സാഹിത്യ ഇടപെടലുകളിലൂടെ അതിനെ കീഴ്മേൽ മറിച്ചത്. കുമാരനാശാനെപ്പോലുള്ള വിപ്ലവ കവികൾ അന്ന് ഉദിച്ചുയർന്നിരുന്നില്ല. ഇതിഹാസങ്ങൾ കിളിപ്പാട്ട് രൂപത്തിൽ ആക്കിയതും കഥകളി പദങ്ങളും ഭാഷാചമ്പുവും ഒക്കെയായി മലയാള സാഹിത്യം പരിമിതികളിലൂടെ കടന്നു പോയ ദശകങ്ങൾ. ആധുനികം ഉത്തരാധുനികം എന്നൊക്കെയുള്ള വാക്കുകൾ കേട്ടുകേൾവി പോലുമില്ലാത്ത നാളുകൾ. ആ ചരിത്ര സന്ധിയിലാണ് മാരാർ കിടയറ്റ സാഹിത്യ വിമർശകനായി ജ്വലിച്ചു നിന്നത്. അതോർക്കുമ്പോൾ അത്ഭുതം കൂറാത്തവരായി ആരാണുണ്ടാവുക?
'രാജാങ്കണ'മെന്ന കൃതിയിലെ ചില ലേഖനങ്ങൾ വെളിച്ചം കണ്ടപ്പോൾ  അന്നത്തെ പൗരോഹിത്യം നെറ്റി ചുളിച്ചത് സ്വാഭാവികം. മലയാളത്തിലെ ഹാസ്യ സാഹിത്യത്തിന്റെ എക്കാലത്തെയും ആചാര്യനായിരുന്ന കുഞ്ചൻ നമ്പ്യാരെ കണക്കിന് കളിയാക്കിയ ലേഖനങ്ങൾ അതിൽ ഉൾപെട്ടിരുന്നു. നളചരിതത്തിന്റെ വിവിധ ഭാഷ്യങ്ങളും അവയുടെ താരതമ്യവും ഒക്കെയായി കുട്ടികൃഷ്ണ മാരാർ  വിമർശന സാഹിത്യത്തിലേക്ക് വേഗത്തിൽ ചെന്നെത്തി. സമകാലികമായ മറ്റെല്ലാ കൃതികളെയും അതിജീവിക്കുന്ന രചനയായിരുന്നു 'ഭാരതപര്യടനം'. ഇന്ത്യയുടെ ഇതിഹാസങ്ങളായി ഓരോരുത്തർക്കും അഭിമാനത്തോടെ കാഴ്ച വയ്ക്കാവുന്ന രാമായണത്തിനും  മഹാഭാരതത്തിനും പുതിയ ഭാഷ്യങ്ങൾ ചമച്ച മാരാർ വായനക്കാരൻ്റെ മനസ്സിലേക്ക് അന്വേഷണത്തിൻ്റെ പുതിയ ജാലകമാണ് തുറന്നിട്ടത്. 
മഹാഭാരതത്തിൽ ഇല്ലാത്തതായി ഒന്നുമില്ല എന്നാണല്ലോ പറയാറ്. സകല ജീവിതാവസ്ഥകളും ആ ഇതിഹാസത്തിൽ ഉണ്ട്. ഇന്നും കൃഷ്ണനും കംസനും ഭൂമിയിലുണ്ട്. ഒരേസമയം കൃഷ്ണൻ്റെയും കംസന്റേയും സുഹൃത്തുക്കളായവരും, ഏത് കൈകേയിയെയും  തെറ്റിദ്ധരിപ്പിക്കുന്ന മന്ഥരമാരും, നമ്മുടെ പൊതുസമൂഹത്തിലും രാഷ്ട്രീയ സാംസ്കാരിക വേദികളിലും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവിടെയെല്ലാം കുട്ടികൃഷ്ണമാരാർ നമ്മുടെ സ്മൃതിപഥങ്ങളിൽ തെളിയുന്നു. കാരണം എല്ലാ നന്മയും പാണ്ഡവരിലും തിന്മകൾ മുഴുവൻ കൗരവരിലും എന്ന, പാടിപ്പതിഞ്ഞ ശീലുകൾ ശരിയെന്ന് ധരിച്ച ധാരണയെ കടപുഴക്കി എറിയാൻ മാരാരുടെ സൃഷ്ടി വൈഭവത്തിന് സാധിച്ചു. 
മഹാഭാരതം ആരുടെയും കൈപ്പടിയിൽ ഒതുങ്ങുന്ന ഒരു ഇതിഹാസമല്ല. അതിലെ കഥാപാത്രങ്ങളും അവരുടെ മനോവികാരങ്ങളും പിൽക്കാലത്ത് ഒട്ടേറെ എഴുത്തുകാരുടെ ഭാവനകളിലൂടെ കടന്നു പോയി. പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ', എംടിയുടെ 'രണ്ടാമൂഴം',  വി.എസ് ഖണ്ഡേക്കറുടെ 'യയാതി'യുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. സത്യത്തിൽ ഇവർക്കെല്ലാം സാഹിത്യ ഭൂമികയിൽ ദിശാബോധം നൽകിയത് കുട്ടികൃഷ്ണമാരാരാണ്. നിർഭാഗ്യവശാൽ മാരാർ പുസ്തകങ്ങൾ വേണ്ടവിധം വായിക്കപ്പട്ടിട്ടില്ല. ഏറെ വായിക്കപ്പെടേണ്ട സാഹചര്യങ്ങൾ നിലവിലുണ്ടായിട്ട് പോലും.  ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഭാരതത്തിൻ്റെ സംസ്കാരത്തെയും ധീരമായി  വെളിപ്പെടുത്തിയ രചയിതാവാണ് മാരാർ.  ഏതെങ്കിലും ഒരു കോണിൽ ഈ സംസ്കാരത്തെ തളച്ചിടാൻ അദ്ദേഹം തുനിഞ്ഞില്ല. പക്ഷേ കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെല്ലാം മാരാരെ ഒരു പരിധിവരെ തമസ്ക്കരിച്ചു എന്നുവേണം കരുതാൻ. 
തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ (1900-1973) തൻ്റെ അഞ്ചര പതിറ്റാണ്ടു കാലത്തെ സാഹിത്യ ജീവിതത്തിൽ എണ്ണംപറഞ്ഞ
26 കൃതികൾക്കാണ് ജൻമം കൊടുത്തത്. ഇതിന് പുറമെ നാല് ഗംഭീര പരിഭാഷകളും അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്നു.
1) കലജീവിതം തന്നെ
2) മലയാളശൈലി
3) സാഹിത്യഭൂഷണം
4) രാജാങ്കണം
5) ഭാരതപര്യടനം.
6)  പതിനഞ്ചു പന്യാസങ്ങൾ
7) ഋഷിപ്രസാദം
8) സാഹിത്യസല്ലാപം
9) സാഹിത്യവിദ്യ
10) കൈവിളക്ക്
11) ചർച്ചായോഗം
12) ദന്തഗോപുരം
13) വൃത്തശിൽപം
14) ഭാഷാപരിചയം
15) ഹാസ്യസാഹിത്യം
16) ശരണാഗതി
17) ഗീതപരിക്രമണം
18) ഭാഷാവൃത്തങ്ങൾ (കുട്ടികൾക്കുള്ള വൃത്തശാസ്ത്രം )
19) ഇങ്ങുനിന്നോളം
20) പലരും പലതും
21) നളിനിയും ഇവാൻജലിനും (താരതമ്യ പഠനം)
22) രഘുവംശം (ഗദ്യപരിഭാഷ)
23) നിഴലാട്ടം (കവിത)
24) ജീവിച്ചിരുന്നാൽ (നാടകം)
25) വിശ്വാമിത്രൻ ( ബാലസാഹിത്യം )
26) മാരാരുടെ കത്തുകൾ
• പരിഭാഷകൾ -  1) അഭിജ്ഞാനശാകുന്തളം, 2) കുമാരസംഭവം, 3) ഭജഗോവിന്ദം, 4) മേഘസന്ദേശം.
മലയാള സാഹിത്യത്തിൽ കവിതക്കും കഥക്കും നോവലിനുമെല്ലാം ഉണ്ടായ വളർച്ചക്കൊപ്പം സാഹിത്യ വിമർശനത്തെയും ഉയർത്തിയതിൽ മാരാരുടെ പങ്ക് നിസ്തുലമാണ്. അതോടെ സാഹിത്യ വിമർശനമെന്ന ഒരു ശാഖ തന്നെ മലയാള സാഹിത്യത്തിൻ്റെ അഭിവാജ്യ ഘടകമായി. വിമർശനവും സർഗാത്മകമായ കലയാണെന്ന് മാരാരുടെ നിരൂപണങ്ങൾ തെളിയിച്ചു. കലയുടെ സൗന്ദര്യാനുഭവത്തിനോ സാമൂഹിക ധർമത്തിനോ മാത്രം ഊന്നൽ നൽകിയവരുടെ ഇടയിൽ കല ജീവിതം തന്നെ എന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചത്. മനുഷ്യരെ സംസ്കാര സമ്പന്നരാക്കുവാനുള്ള ഉപാധിയായാണ് മാരാർ കലയെ നിരീക്ഷിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യവിദ്യയുടെ ലക്ഷ്യം ജ്ഞാനലബ്ദ്ധിയും  മനസ്സംസ്കരണവുമാണ്. ആത്മ സംസ്കരണത്തിന് ഉതകുന്നതിനെ കലയായും അല്ലാത്തതിനെ കലര്‍പ്പായും മാരാർ കരുതി. സാഹിത്യത്തെ കലാവിദ്യയായാണ് അദ്ദേഹം കണ്ടത്. 
സാഹിത്യത്തിന് നാല് തലമുണ്ടെന്ന മാരാരുടെ പക്ഷം സുവിദിതമാണ്: ശബ്ദം, അർഥം, ഭാവം, സംസ്കാരം. വായനക്കാരനിൽ ഈ നാല് തലത്തിലും ചലനം സൃഷ്ടിക്കുന്ന കൃതികളെ അദ്ദേഹം ഉത്തമ സൃഷ്ടികളെന്ന് വിശേഷിപ്പിച്ചു.
നിഷ്പക്ഷ നിരൂപണം എന്നൊന്നില്ലെന്നും, തന്റെ അഭിരുചിയുടെയും മൂല്യബോധത്തിൻ്റെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ മറ്റാരും കാണാത്ത പ്രത്യേകതകൾ ഒരു കൃതിയിൽ ദർശിക്കാനാകുന്നവരാണ് യഥാർഥ നിരൂപകർ എന്നും മാരാർ വിശ്വസിച്ചു. വിമർശനം പക്ഷപാതപരമായിരിക്കണമെന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാത്തതിനാൽ നിർജീവം ആയിരിക്കുമെന്നും മാരാർ അഭിപ്രായപ്പെട്ടു. ഒരു വിധികർത്താവ് എന്നതിലുപരി സ്വന്തം പക്ഷത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകനായിരിക്കണം വിമർശകൻ എന്ന് മാരാർ സിദ്ധാന്തിച്ചു.
ഇതിഹാസങ്ങളെപ്പോലും യുക്തികൊണ്ടാണ് അദ്ദേഹം വായിച്ചത്. മനുഷ്യ കഥാനുഗാനങ്ങളായാണ് അവയെ അദ്ദേഹം കണ്ടത്. കുട്ടികൃഷ്ണ മാരാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ ഭാരതപര്യടനം ഓടിവരുന്നത് യുക്ത്യധിഷ്ഠിത വായനയുടെ സൌന്ദര്യം കൊണ്ടാണ്. അമാനുഷർ എന്ന് കരുതിപ്പോന്ന ഇതിഹാസ കഥാപാത്രങ്ങളെ മനുഷ്യ ഗുണങ്ങളുടെ ഏകകമുപയോഗിച്ച് വിശകലനം ചെയ്യുന്ന രീതിക്ക് പൂർവ മാതൃകകൾ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. നന്മതിന്മകളുടെ സങ്കലനമാണ് മനുഷ്യലോകം എന്ന ലളിതമെങ്കിലും ആഴമുള്ള തത്വം സ്ഥാപിച്ചെടുക്കാനാണ് 'ഭാരതപര്യടന'ത്തിലൂടെ മാരാർ ശ്രമിച്ചത്. അമാനുഷരിലെ മനുഷ്യ സഹജമായ ശക്തിദൗർബല്യങ്ങൾ വെളിപ്പെടും വിധത്തിൽ നടത്തിയ ഈ പുനർവായന കാലത്തെ അതിജീവിച്ച് വായനക്കാർക്ക് ജീവിതത്തെക്കുറിച്ച് പുതിയ പുതിയ ഉൾക്കാഴ്ചകളാണ് നൽകിയത്.
നിരൂപണത്തോടൊപ്പം ഭാഷാ ശാസ്ത്രത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ഭാഷയോടുള്ള മാരാരുടെ പ്രതിബദ്ധത മലയാളശൈലിയിൽ ദൃശ്യമാണ്. മലയാളത്തിൽ വന്നുഭവിക്കുന്ന വൈരൂപ്യങ്ങളെയും വൈകൃതങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാഷാശുദ്ധിയും ഭാഷാസ്നേഹവുമുള്ള കറകളഞ്ഞ തലമുറയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം അദ്ദേഹം പൂർത്തീകരിച്ചു. അന്യഭാഷകളോടുള്ള അതിപ്രിയതയിലും മലയാളം കൊള്ളില്ലെന്ന ചിന്താഗതിയിലും അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. 'മലയാളശൈലി' ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഭാഷയിൽ നൂതനമായി വളർന്നുവരുന്ന പുതിയ രീതികളെ എല്ലാം അബദ്ധം, ശൈലീഭംഗം എന്നു പറഞ്ഞു നീരസം നടിക്കുന്നത് ബുദ്ധിപരമാവില്ല എന്നാണ് മാരാർ നിരീക്ഷിച്ചത്. അത്തരം കാര്യങ്ങൾ തടയുകയെന്നത് അസാദ്ധ്യമാണെങ്കിലും, ഭാഷയെ വ്യവസ്ഥകളിലൂന്നി നിലവാരപ്പെടുത്തേണ്ടത്  അനിവാര്യമാണെന്ന അദ്ദേഹത്തിൻ്റെ ബോദ്ധ്യത്തിന് നല്ല തിളക്കമായിരുന്നു എന്നർത്ഥം.
വക്രീകരണവും വൃഥാവിപുലനവും പണ്ഡിതർ ഭാഷയോട് കാണിക്കുന്ന അനാദരവായി കണ്ട സാഹിത്യ വിമർശകൻ, അത്തരം കോപ്രായങ്ങൾ സാധാരണക്കാരെ സാഹിത്യത്തിൽനിന്ന് അകറ്റാൻ കാരണമാകുമെന്നും നിസ്സംശയം വെളിപ്പെടുത്തി. ഭാഷയെ അത് നിർജ്ജീവമാക്കുമെന്ന് മാരാർ ആശങ്കിച്ചു.
ഇംഗ്ലീഷിനെ അനുകരിച്ച് മലയാളത്തിൽ വന്നുപെട്ട പ്രയോഗ വൈകല്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ എക്കാലവും പ്രസക്തമാണ്. ചാനലിലെ അവതാരകരുടെ ഭാഷ കേൾക്കുമ്പോൾ മാരാരുടെ ഭാഷാ വിശകലനങ്ങൾ തികട്ടിവരും. മാരാർ സൂചിപ്പിച്ച പോലെ എലികൾ നിറഞ്ഞ മുറി എന്നതിന് എലികളെക്കൊണ്ടു നിറഞ്ഞ മുറി എന്ന മട്ടിൽ വെച്ചുകെട്ടി സൃഷ്ടിക്കുന്ന പ്രയോഗങ്ങൾ ഭാഷയുടെ ശോഭ കെടുത്തും.
ഭാഷയയെയും സാഹിത്യത്തെയും സംബന്ധിച്ച മാരാരുടെ ആലോചനകൾ എക്കാലവും അനന്യമായി തുടരും.
മാരാർ 'സാഹിത്യ പ്രകാശ'മാണ് മാരാരുടെ പുസ്തകങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. വൻകിട പ്രസാധകര്‍ക്കിടയിൽ പിടിച്ചു നിൽക്കാൻ അവർക്ക് ബുദ്ധിമുട്ടുകൾ ഏറെയാണ്. കുട്ടികൃഷ്ണമാരാരുടെ ജയന്തി കഴിഞ്ഞ മാസമാണ് ആഘോഷിക്കപ്പെട്ടത്. ഭൂമിയിൽ നിന്നും കുട്ടികുഷ്ണമാരാർ മറഞ്ഞിട്ട് അര നൂറ്റാണ്ടിൽ അധികം കഴിഞ്ഞിട്ടും മാരാർ 
കൃതികളുടെ ശോഭക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല. അദ്ദേഹത്തിൻ്റെ കൃതികൾ പ്രചരിപ്പിക്കലും വായിക്കലുമാണ് പുതിയ കാലത്തിൻ്റെ കർത്തവ്യം. അതിനു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുക.  ഇതിഹാസങ്ങൾ പിറന്ന കാലത്തെ കാണാതെ വർത്തമാനത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ സാധിക്കമോ എന്ന സംശയമാണ്  'ഭാരത പര്യടനം' ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളിലൂടെ മാരാർ മുന്നോട്ടു വച്ചത്. അക്കാലത്തെ പ്രശ്നങ്ങളും സാഹിത്യവും ആയിരുന്നു ചർച്ചാവിഷയം. കാലം വീണ്ടും കടന്നു പോയി. പാശ്ചാത്യ സാഹിത്യത്തിൽ നിന്നും പല പ്രവണതകളും മലയാളത്തിലും എത്തി. സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനം ഒരുപാട് കുറയുകയും മലയാളത്തിലെ എഴുത്തുകാർ നവഭാവുകത്വവുമായി ലോക സാഹിത്യ സരണിയോട് ചേർന്നു നിൽക്കാൻ കഴിയത്തക്കവണ്ണം നിലവാരത്തോടെ എഴുതുകയും ചെയ്തു. 
ഭൂതവും വർത്തമാനവും തമ്മിലുള്ള നിലക്കാത്ത സംവാദമാണ് ചരിത്രമെന്ന ഇ.എച്ച് കാറിൻ്റെ വ്യാഖ്യാനം സാഹിത്യത്തിന് ബാധകമാക്കിയ പണ്ഡിത ശിരോമണിയാണ് കുട്ടികൃഷ്ണമാരാർ. 'മഹാഭാരതം' നടന്ന കഥയല്ല, സംഭവിക്കാനുള്ള യാഥാർത്ഥ്യങ്ങളാണെന്ന് ദീർഘദർശനം ചെയ്ത അദ്ദേഹം, എത്രമാത്രം ക്രാന്തദർശിയാണെന്ന് വർത്തമാന ലോക സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തും. ലോകം ഒരു കുടക്കീഴിൽ അമർന്ന വിവരസാങ്കേതിക വിദ്യയുടെ നവയുഗത്തിൽ കുട്ടികൃഷ്ണമാരാർ ഏതൊക്കെ കലഹങ്ങളാണോ മുന്നോട്ടു വെച്ചത് അതേറ്റെടുത്തു കൊണ്ട് വീണ്ടും സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുകയും ജീവൽ സാഹിത്യം എന്നത് ജീവിതം തന്നെയാണ് എന്ന് ഉറപ്പിക്കുകയും ചെയ്യലാണ് പുതുതലമുറയുടെ ധർമ്മം.
കുട്ടി കൃഷ്ണമാരാർക്ക് ജന്മനാട്ടിൽ സ്മാരകമുയരാൻ മുൻകയ്യെടുത്തത് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും ജില്ലാ ലൈബ്രറി കൗൺസിലുമാണ്. ആലത്തിയൂർ ഒട്ടും പുറത്ത് 200 പേർക്ക് ഇരിക്കാവുന്ന  ശീതീകരിച്ച ഓഡിറ്റോറിയമാണ് "കുട്ടികൃഷ്ണമാരാർ സ്മാരക സെമിനാർ ഹാൾ" എന്ന് അറിയപ്പെടുക. മാരാരുടെ മകളും പേരമക്കൾ അടക്കം  കുടുംബാംഗങ്ങളും സാഹിത്യ തൽപ്പരരും സന്നിഹിതരായ സദസ്സിനെ മുൻനിർത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദുവാണ് മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചത്. കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടന'ത്തിൻ്റെ 66-ാം പതിപ്പിൻ്റെ പ്രകാശനവും, മാരാർ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
ഇപ്പോൾ വിപണിയിലുള്ള മാരാരുടെ 24 പുസ്തകങ്ങൾ അടങ്ങിയ കിറ്റ് തൃപ്രങ്ങോട് പഞ്ചായത്തിലെ 6 ലൈബ്രറികൾക്ക് അവർ കൈമാറി. ലൈബ്രറി പ്രവർത്തകർ അടങ്ങിയ പ്രൗഡമായ സദസ്സ് ആദ്യന്തം പരിപാടിയിൽ പങ്കെടുത്തു. 'മാരാർ സാഹിത്യ പ്രകാശം', 'ചിന്ത' എന്നി പ്രസാധകരുടെ പുസ്തക വില്പന കോർണറും സംഘാടകർ ഒരുക്കിയിരുന്നു. നല്ല ഭക്ഷണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ആലിങ്ങൻ ഷംസുദ്ദീൻ്റ തവിടരിയും, അതിൻ്റെ പൊടിയും വില്പനക്ക് വെച്ചത് ചടങ്ങിനെത്തിയവരുടെ വയറു നിറച്ചു. പുതു തലമുറക്ക് മാരാർ സാഹിത്യത്തെ പരിചയപ്പെടുത്തുന്ന, കെ.പി. നൗഷാദ് തയ്യാറാക്കി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരിച്ച ലഘുലേഖ
ചടങ്ങിനെത്തിയ മുഴുവൻ പേർക്കും വിതരണം ചെയ്തു. ഡോ.കെ.ടി.ജലീൽ എംഎൽ അധ്യക്ഷത വഹിച്ചു. 

Post a Comment

0 Comments