വികസനത്തിന് കോടികൾ; രോഗികളെ എടുത്ത് നടക്കണം


രോഗിയെ ചുമന്ന് കൊണ്ടു പോകുന്നു. 

ബാലുശ്ശേരി : കോട്ടൂർ പഞ്ചായത്തിലെ കല്ലൂട്ട് കുന്ന് ഉന്നതിയുടെ വികസനത്തിന് ഒന്നേകാൽ കോടി രൂപ അനുവദിച്ചെങ്കിലും വികസനം ഇപ്പോഴും അകലെ. 
വികസനത്തിന് കോടികൾ ഫയലിൽ ഉണ്ടെങ്കിലും കിടപ്പിലായ രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ എടുത്ത് നടക്കണം, ദയനീയമാണ് ഈ ഉന്നതിയിലെ കുടുംബങ്ങളുടെ ജീവിതം.
കുത്തനെയുള്ള ഇറക്കത്തിലൂടെ സാഹസികമായി ചുമന്നു വേണം ഉന്നതിയിലെ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ. അർബുദരോഗം അധികരിച്ച് ഗുരുതരാവസ്‌ഥയിലായ വിശ്വനെ (55) മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ മറ്റുള്ളവർ പ്രയാസപ്പെടുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നു. അപ്പോഴാണു പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണങ്ങളൊന്നും ഉന്നതിയിലെ കുടുംംബങ്ങൾക്ക് ലഭിച്ചില്ലെന്നു പുറംലോകം അറിയുന്നത്. താഴെ റോഡിൽ നിർത്തിയ വാഹനത്തിലേക്കു വിശ്വനെ എത്തിക്കാൻ 10 പേർ ചുമക്കേണ്ടി വന്നു.

കേരളീയ പട്ടിക ജനസമാജം പ്രക്ഷോഭത്തിന്
ബാലുശ്ശേരി : കോട്ടൂർ 13-ാം വാർഡിലെ കല്ലൂട്ട്കുന്ന് അംബേദ്കർ ആദിവാസി ഉന്നതിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് കേരളീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 3 വർഷം മുൻപ് ഉന്നതിയുടെ വികസനത്തിനായി ഒന്നേകാൽ കോടി രൂപ പ്രഖ്യാപിച്ചെങ്കിലും പദ്ധതികളൊന്നും നടപ്പിലായില്ല. ഇപ്പോഴും 300 മീറ്റർ ദൂരം രോഗികളെ ചുമന്നു കൊണ്ടുപോകേണ്ട ദയനീയാവസ്‌ഥയിലാണ് ഉന്നതിയിലെ കുടുംബങ്ങൾ. ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ഉന്നതിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഉന്നതിയിലെ കുടുംബങ്ങൾക്കു വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ വേഗത്തിലാക്കുന്നില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. യോഗം സംസ്‌ഥാന ജന.സെക്രട്ടറി നിർമല്ലൂർ ബാലൻ ഉദ്ഘാടനം ചെയയ്തു‌. ശശി ഉള്ളിയേരി, എ.കെ.അറുമുഖൻ, പി.എം.വിജയൻ, പി.എം.ബി.നടേരി, ഊരു മൂപ്പൻ കെ.സുനീഷ്, കെ. രനീഷ്, മോഹൻദാസ് കൂമുള്ളി, കെ.സുനീർ, കെ.അനന്തു എന്നിവർ പ്രസംഗിച്ചു.
കേരളീയ പട്ടിക ജനസമാജം നേതാക്കൾ ഉന്നതി സന്ദർശിക്കുന്നു. 

Post a Comment

0 Comments