കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി : എറണാകുളം കാലടി മാണിക്യമംഗലത്തുവെച്ച് കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് കാറിൽ കഞ്ചാവുമായി എത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റഫീക്കുൽ ഇസ്ലാം, അബ്ദുൽ കുദൂസ്, സഹിൻ മണ്ഡൽ എന്നിവരെ പിടികൂടി. 
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കിലോയ്ക്ക് 2000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്നു വാങ്ങുന്ന കഞ്ചാവ് ഇവിടെ 27000 രൂപക്ക് വിൽപ്പന നടത്തി  മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ പതിവ്. കാറിനുള്ളിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 
ലഹരിക്കടത്തിന്റെ മുഖ്യപ്രതി റഫീഖ് ഇസ്ലാം 25 വർഷം മുൻപ് കേരളത്തിൽ എത്തി തുടക്കത്തിൽ ഹെൽപ്പറായും പിന്നെ ലേബർ സപ്ലൈയറായും ജോലിചെയ്തതിനുശേഷമാണ് കഞ്ചാവ് കച്ചവടത്തിലേക്ക് മാറിയത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണിയായ ഇയാളുടെ മറ്റൊരുവാഹനം ഏതാനം ദിവസങ്ങൾക്കുമുന്നേ കോടനാട് പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ വെച്ച് കഞ്ചാവുമായി പിടികൂടിയിരുന്നു.
ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ എ.എസ്.പി ഹാർദിക് മീണ, കാലടി പൊലീസ് ഇൻസ്‌പെക്ടർ
അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജെയിംസ് മാത്യു , വി.എസ് ഷിജു, റെജിമോൻ, എ.എസ്.ഐമാരായ പി.എ.അബ്ദുൽ മനാഫ്, കെ. എം. പ്രസാദ് , നൈജോ സെബാസ്റ്റ്യൻ, ബോബി കുര്യാക്കോസ്, എസ്. എ ബിജു, സീനിയർ സി.പി.ഒമാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ,ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments