പൊലീസ് ആക്ഷൻ ഓവർ; യുവതി സേഫായി
ബാലുശ്ശേരി : ഓകെ. മെസ്സേജ് ക്ളിയറാണ്.... പയ്യോളി സ്‌റ്റേഷനിൽ നിന്നുള്ള വിവരം സ്വീകരിച്ച ഉടൻ ബാലുശ്ശേരി പൊലീസ് ആക്ഷൻ തുടങ്ങി. ഇരുപത് മിനിറ്റിനുള്ളിൽ ആക്ഷൻ ഓവർ. യുവതിയുടെ ലൈഫ് സേഫ്.
യുവതിയുടെ ജീവൻ സേഫാക്കിയ കഥ ഇങ്ങനെ:
ഒരു യുവതി ജീവനൊടുക്കുമെന്ന് പറഞ്ഞ് വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്പർ ഇതാണ്. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടൻ ബാലുശ്ശേരി സ്‌റ്റേഷനിൽ ജിഡി ചാർജിൽ ഉണ്ടായിരുന്ന സീനിയർ സിപിഒ ഗോകുൽ രാജ് ഉടൻ ഇൻസ്പെക്ടർ ടി.പി.ദിനേശിനു വിവരം കൈമാറി ശ്വാസമെടുക്കാൻ കഴിയാത്ത അത്ര തിരക്കുണ്ടായിരുന്നെങ്കിലും വിവരം കേട്ട എസ്എച്ച്ഒ ഉടൻ തന്നെ പൊലീസ് വാഹനം എടുത്ത് പുറപ്പെടാൻ നിർദേശം നൽകി. ഓട്ടത്തിനിടെ ഫോൺ നമ്പറുള്ള കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായി ശ്രമം. യുവതി കണ്ണാടിപ്പൊയിൽ ഭാഗത്താണെന്നു മനസ്സിലാക്കി ആ ഭാഗത്തേക്കു കുതിച്ചു. അതിനിടയിൽ ലൊക്കേഷൻ കട്ടായി. എങ്കിലും യുവതി ഫോൺ
എടുത്തതോടെ അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം. ആരും ഇവിടേക്കു വരേണ്ടെന്നായി യുവതി. ഞങ്ങൾ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീർഘിപ്പിക്കാനായി ഇൻസ്പെക്ടറുടെ ശ്രമം. അപ്പോൾ ഓരോ വീടും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംസാരത്തിൽ നിന്നു സ്‌ഥലം മനസ്സിലാക്കി അവിടെ എത്തിയെങ്കിലും വാടകയ്ക്കു താമസിക്കുന്നതിനാൽ നാട്ടുകാർക്ക് ഇവരെ കുറിച്ച് കൃത്യമായി ഒരു വിവരവും അറിയില്ലായിരുന്നു. എങ്കിലും നാട്ടുകാർ നൽകിയ ഏകദേശ വിവരം വച്ച് ഒരു വീടിനു നേരെ പൊലീസ് കുതിച്ചു.
കുഞ്ഞ് കരയുന്ന ശബ്ദം പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു. വാതിൽ അകത്തു നിന്നു പൂട്ടിയതിനാൽ ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോൾ യുവതി ഫാനിൽ തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഇൻസ്പെക്‌ടർ ടി.പി.ദിനേശ് യുവതി പിടിച്ച് ഉയർത്തി മറ്റു ഉദ്യോഗസ്‌ഥർ ചേർന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി ഒരു നിമിഷം പോലും പാഴാക്കാതെ പൊലീസ് ജീപ്പിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ അപ്പോൾ നാട്ടുകാരെ ഏൽപിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പൊലീസുകാർ തിരികെ കണ്ണാടിപ്പൊയിലിൽ എത്തി കുഞ്ഞുമായി സ്‌റ്റേഷനിലെത്തി വിവരം അറിഞ്ഞ് എത്തിയ ഭർത്താവിൻ്റെ കുടുംബത്തെ കുഞ്ഞിനെ ഏൽപിച്ചു. അതുവരെ പൊലീസുകാരുടെ പരിലാളനയിൽ ആയിരുന്നു കുഞ്ഞ്.
ജീവനൊടുക്കിയ ശേഷം ഒട്ടേറെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുന്നവരാണ് ഞങ്ങൾ, എന്നാൽ ഇത്തരമൊരു സന്ദർഭം അപൂർവമാണ് രക്ഷാ ദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്‌ഥർ പറഞ്ഞു. ആദ്യം ഒന്നര മിനിറ്റും പിന്നീട് 36 സെക്കൻഡുമാണ് പൊലീസ് യുവതിയുമായി സംസാരിച്ചത്.
അതിനിടയിൽ പൊലീസ് ആക്ഷൻ ഓവർ, യുവതി രക്ഷപ്പെട്ടു.
കുടുംബ പ്രശ്നത്തെ തുടർന്നാണു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പയ്യോളി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതു കൊണ്ടാണു അവിടെ വിളിച്ചത്. ഇൻസ്പെക്‌ടർ ടി.പി.ദിനേശിൻ്റെ നേതൃത്വത്തിൽ എഎസ്ഐ കെ. സുജാത, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി മുഹമ്മദ് ജംഷിദ്, ഗോകുൽ രാജ്, ഡി.എസ്.അനൂപ് എന്നിവരാണ് യുവതിയുടെ രക്ഷകരായത്.
Post a Comment
0 Comments