ഒരുമിച്ചുള്ള മദ്യപാനത്തിനിടെ തർക്കം; മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു
തൃശൂർ : ഒരുമിച്ചുള്ള പതിവ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു.
കൊരട്ടി ആറ്റുപാടത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മകനും ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. ഇവർ ദിവസവും ഒന്നിച്ചിരുന്ന് മദ്യം കഴിക്കാറുണ്ട്.
മകൻ ക്രിസ്റ്റിക്ക് ടൈൽസ് പണിയാണ്. ഇന്നലെ രാത്രിയും ഒന്നിച്ചിരുന്ന് മദ്യപിച്ചു. വഴക്കുണ്ടായി. മകന്റെ മർദനം സഹിക്കാതെ വന്നപ്പോൾ പൊലീസിനെ അറിയിക്കാൻ ജോയ് നാട്ടുകാരുടെ സഹായം തേടി. നിരന്തരം വഴക്കായതിനാൽ ഇരുവരുടേയും വിഷയത്തിൽ നാട്ടുകാർ ഇടപെടാറില്ല. രാത്രി പത്തരയോടെ വീണ്ടും വഴക്കായി. അച്ഛനെ തള്ളിയിട്ട മകൻ കത്തി കൊണ്ട് കഴുത്തിൽ കുത്തി. രക്തം വാർന്ന് അച്ഛൻ മരിച്ചു. രാത്രി മകൻതന്നെയാണ് ജോയി രക്തത്തിൽ കുളിച്ചുക്കിടക്കുന്നുവെന്ന് കൊരട്ടി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തിൽ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല.
മകൻ ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി മൃതദേഹത്തിനരികിൽ നിന്ന് കണ്ടെടുത്തു. ജോയിയുടെ ഭാര്യ സ്വന്തം അമ്മയോടൊപ്പം വീട്ടിലാണ് താമസം. ക്രിസ്റ്റി അവിവാഹിതനാണ്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് മകൻ ക്രിസ്റ്റി കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചത്.

Post a Comment
0 Comments