കുട്ടമ്പൂരിൽ റോഡ് നവീകരിക്കുമ്പോൾ നന്നങ്ങാടികൾ കണ്ടെത്തി
നരിക്കുനി : റോഡ് നവീകരിക്കുന്നതിനായി മതിൽ ഇടിച്ചപ്പോൾ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നന്നങ്ങാടികൾ കണ്ടെത്തി. പുന്നശ്ശേരി - പരപ്പൻപൊയിൽ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി മതിൽ ഇടിച്ചപ്പോഴാണു 2 നന്നങ്ങാടികൾ കണ്ടെത്തിയത്. കുട്ടമ്പൂരിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു നന്നങ്ങാടികൾ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിൽ പൊളിച്ചതിനാൽ നന്നങ്ങാടികൾ രണ്ടും തകർന്ന നിലയിലാണ്. അതിൽ ഒന്നിൻ്റെ പകുതി ഭാഗം മണ്ണിൽ അവശേഷിക്കുന്നുണ്ട്. ഈ വലിയ മൺ ഭരണി കരിങ്കൽ പാളികൊണ്ട് മൂടിയ നിലയിൽ ആയിരുന്നു. മുൻപ് ഈ ഭാഗത്ത് ഗുഹാവശിഷ്ടം കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ശേഷിപ്പുകളാണ് കുട്ടമ്പൂരിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനു വേണ്ടി പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്നവയാണ് നന്നങ്ങാടികൾ. ചുവപ്പും കറുപ്പും ചേർന്ന മണ്ണുകൾ ഉപയോഗിച്ച് പാളികളായാണു നന്നങ്ങാടി നിർമിച്ചിട്ടുള്ളത്.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച നന്നങ്ങാടികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിൽ അവയ്ക്ക് 1500 മുതൽ 2500 വർഷം വരെ പഴക്കമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. നന്നങ്ങാടികൾക്കുള്ളിൽ നിന്നു മൃതദേഹത്തിൻ്റെ അസ്‌ഥികൾ, ധാന്യങ്ങൾ. ഇരുമ്പ് ആയുധങ്ങൾ, മുത്തു പോലുള്ള കൽ ആഭരണങ്ങൾ, ചെറുപാത്രങ്ങൾ എന്നിവ മുൻപ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
Post a Comment
0 Comments