സസ്പെൻഷൻ പോരാ; കോൺഗ്രസ് സമരം കടുപ്പിക്കും
തൃശൂർ : യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത് മാത്രം പോരെന്നും പിരിച്ചുവിടുന്നതു വരെ സമരം ശക്‌തമാക്കുമെന്നും കോൺഗ്രസ് നേതൃത്വം. കുന്നംകുളം സ്‌റ്റേഷനിലെ
അന്നത്തെ എസ്ഐ നൂഹ്‌മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെയാണു ത്യശൂർ ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിൽ ഐജി രാജ്‌പാൽ മീണയാണ് സസ്പെൻഡ് ചെയ്തത്.
എന്നാൽ സർവീസിൽ നിന്നു പിരിച്ചുവിടാത്ത ഒരു നടപടിയും അംഗീകരിക്കില്ലെന്ന് രഞ്ജിത്തും കോൺഗ്രസ് നേതാക്കളും വ്യക്തമാക്കി. കുന്നംകുളം സ്‌റ്റേനിൽ അന്ന്
ഡ്രൈവറായിരുന്ന ഷുഹൈർ പൊലീസിലെ ജോലി വിട്ട് പിന്നീട് മറ്റൊരു വകുപ്പിലേക്കു മാറി. ഇയാളും മർദിച്ചതായി സുജിത്ത് പരാതി ഉന്നയിച്ചെങ്കിലും സിസിടിവിയിൽ കാണുന്നില്ലെന്ന ആനുകൂല്യം നൽകി വകുപ്പുതല നടപടികൾ പോലും ഉണ്ടായിട്ടില്ല. 5 പേരെയും പിരിച്ചുവിടണമെന്നാണു സുജിത്തിൻ്റെ ആവശ്യം.
2023 ഏപ്രിൽ 5ന് ആണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ കുന്നംകുളം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് പൊലീസ് വാഹനത്തിൽ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്‌റ്റേഷനിൽ വച്ചുള്ള മർദനത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് എത്തിയത്. വിവരാവകാശ കമ്മിഷൻ്റെ ഇടപെടലിലൂടെയാണു ഈ ദൃശ്യങ്ങൾ പുറത്തെത്തിയത്. കമ്മിഷൻ അംഗം സോണിച്ചൻ ജോസഫ് ഇക്കാര്യത്തിൽ ക്യത്യമായ നിലപാടാണു സ്വീകരിച്ചത്. അതുവരെ പൊലീസ് അധികൃതർക്ക് നൽകിയ വിവരാവകാശ അപേക്ഷകൾ എല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. അതിനു ശേഷമാണ് വിവരാവകാശ കമ്മിഷനെ സുജിത്ത് സമീപിച്ചത്. ദൃശ്യങ്ങൾ കണ്ടതോടെയാണു പൊലീസുകാർക്കെതിരെ ജനരോഷം ശക്‌തമായത്. പൊലീസുകാരുടെ വീടുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പൊലീസ് വാഹനത്തിൽ വച്ചും സ്‌റ്റേഷനിൽ സിസിടിവി ഇല്ലാത്ത ഭാഗങ്ങളിൽ എത്തിച്ചും മർദിച്ചിരുന്നതായി സുജിത്ത് പറയുന്നുണ്ട്. പൊലീസുകാർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ സുജിത്തിനു കേൾവി ശക്തി ഭാഗികമായി നഷ്‌ടപ്പെട്ടു.
Post a Comment
0 Comments