Palakkad
ജോലി ശരിയാക്കാൻ മന്ത്ര കർമം; മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു
പാലക്കാട് : ദോഷ പരിഹാര ദുർമന്ത്രവാദ ക്രിയകൾക്കിടെ ഉണ്ടായ അപകടത്തിൽ മന്ത്രവാദിയും പരിഹാരം തേടിയെത്തിയ യുവാവും മുങ്ങി മരിച്ചു. മന്ത്രവാദി കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന പരാതിയുമായാണ് തമിഴ്നാട്ടിൽ നിന്നുള്ള കുടുംബം ഹസൻ മുഹമ്മദിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ച കുടുംബം ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് രാവിലെയാണ് യുവരാജും കുടുംബവും കൊഴിഞ്ഞാമ്പാറയിലെത്തിയത്.
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലുള്ള ഹസൻ മുഹമ്മദിന്‍റെ വീട്ടിലായിരുന്നു ദുർമന്ത്രവാദ ക്രിയകൾ നടത്തിയത്. മന്ത്രവാദ ക്രിയകൾക്ക് ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ്
മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചത്. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം സംഭവിച്ചത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിനെ കാണാൻ എത്തിയത്.
സംഭവത്തെക്കുറിച്ച് കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Post a Comment
0 Comments