പിഴ കുറയ്ക്കാൻ കോടതിയിൽ എത്തി; വാദത്തിനൊടുവിൽ ഇരട്ടി അടയ്ക്കാൻ ഉത്തരവ്
കൊച്ചി : പിഴ കുറയ്ക്കാൻ ഹൈക്കോടതിയിലെത്തി ഹരജി നൽകി ക്ലൈമാക്സിൽ പിഴത്തുക ഇരട്ടിയായി. മൂന്നാർ പുഴയിൽ മാലിന്യം തള്ളിയതിനു ലോഡ്ജിന്റെ ഉടമയ്ക്ക് പഞ്ചായത്ത് 50,000 രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ലോഡ്‌ജ് ഉടമയ്ക്കാണു വാദത്തിനൊടുവിൽ അര ലക്ഷം രൂപ പിഴയുള്ളത് ഒരു ലക്ഷമായി ഉയർത്തിയത്.
ഇക്കാ നഗറിൽ പ്രവർത്തിക്കുന്ന എയ്റ്റ് ലാൻഡ് ഹോളിഡേയ്‌സ് ലോഡ്‌ജ് ഉടമ ഫ്രാൻസിസ് മിൽറ്റൻ അര ലക്ഷം അധികപ്പിഴ കൂടി അടയ്ക്കണമെന്നാണു ഹൈക്കോടതി നിർദേശം.
മേയ് 23ന് ലോഡ്‌ജിനു സമീപത്തെ പുഴയിൽ മാലിന്യം തള്ളിയതായി പഞ്ചായത്ത് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.
കെട്ടിടം തന്റെ പേരിൽ അല്ലെന്നും പിതാവ് ഫ്രാൻസിസ് ഡിക്കോത്തയുടെതാണെന്നും ഇതുമായി ബന്ധമില്ലെന്നുമായിരുന്നു ഉടമയുടെ വാദം. പഞ്ചായത്ത് ഹാജരാക്കിയ രേഖയിൽ ലോഡ്‌ജ് നടത്താനുള്ള ലൈസൻസ് ഹർജിക്കാരന്റെ പേരിലാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അധികമായി 50,000 രൂപ പിഴ ചുമത്തിയത്.
ഈ തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

Post a Comment
0 Comments