Palakkad
അണിഞ്ഞൊരുങ്ങാൻ ഉദ്യാന റാണി; മലമ്പുഴ പാർക്ക് അടച്ചു
പാലക്കാട് : വശ്യ ഭംഗിയോടെ തിരിച്ചുവരാൻ
കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴ ഉദ്യാനം അടച്ചു.
കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75.87 കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികള്‍ നടത്തുക. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലമ്പുഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരില്‍ കൂടുതല്‍ നയന മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകള്‍, വാട്ടർ ഫൗണ്ടനുകള്‍, കുട്ടികള്‍ക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകള്‍, പുതിയ വിനോദ കേന്ദ്രങ്ങള്‍, ഓർക്കിഡ് പുഷ്പങ്ങള്‍ക്കായി ഓർക്കിഡ് പാർക്കുകള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണവും ഭിന്നശേഷിക്കാർക്ക് സഞ്ചാരത്തിനായുള്ള പ്രത്യേക പാതകളും നിർമിക്കും.
ഉദ്യാനത്തിലെ നവീകരണ പ്രവർത്തികള്‍ പൂർത്തിയാക്കി അടുത്ത അവധിക്കാലത്തിനു മുമ്പ് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയിലാണ് നവീകരണം.
നവീകരണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്നത് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റി ആണ്. പാലക്കാടിന്റെ മാമ്പഴത്തോട്ടങ്ങളും കലാപരിപാടികൾക്കായി പ്രത്യേക വേദികളും ഉദ്യാനത്തിന് അകത്ത് ഒരുക്കും.
Post a Comment
0 Comments