അറിയാത്ത രാഖിയുടെ അവസാന ആഗ്രഹമായ മരണാനന്തര ചടങ്ങുകൾ സഫലമാക്കി സഫീർ




തിരുവനന്തപുരം : കാണാത്ത,  അറിയുക പോലും ചെയ്യാത്ത രാഖിയുടെ അവസാന ആഗ്രഹം സാധ്യമാക്കി ജനപ്രതിനിധിയും കോൺഗ്രസ് നേതാവുമായ സഫീർ. കത്തോലിക്ക സന്യാസിനികൾ നടത്തുന്ന അനാഥാലയത്തിൽ മരണമടഞ്ഞ രാഖിയെന്ന ഇതര സംസ്ഥാനക്കാരിയുടെ ആഗ്രഹം പോലെ ഹൈന്ദവ ആചാര പ്രകാരമാണ് സഫീർ ചടങ്ങുകൾ നടത്തിയത്. കഠിനംകുളം പഞ്ചായത്ത് മെംബറും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ നാട്ടുകാർക്ക് പ്രിയങ്കരനായ സഫീർ ഇത് നാലാം തവണയാണ് ആരോരുമില്ലാത്തവരുടെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്നത്. മേനംകുളത്ത് പ്രവർത്തിക്കുന്ന ബെനഡിക്‌ട് മെന്നി അനാഥാലയത്തിലെ അന്തേവായി ആയിരുന്നു രാഖി. അർബുദ രോഗ ബാധിതയും ആയിരുന്നു.
ഇവരുടെ ബന്ധുക്കൾ ആരാണെന്നു പോലും അറിയില്ല. മരണാനന്തര ചടങ്ങുകൾ ഹൈന്ദവ ആചാര പ്രകാരം നിർവഹിക്കണമെന്ന് അനാഥാലയത്തിൽ കഴിയുമ്പോൾ അവർ ആവശ്യപ്പെട്ടിരുന്നു. രാഖി മരിച്ചപ്പോൾ കർമങ്ങൾ ആര് ചെയ്യുമെന്ന ചോദ്യം പരിഹാരമില്ലാതെ തുടർന്നപ്പോഴാണു വിവരം അറിഞ്ഞ് സഫീർ സ്‌ഥലത്തെത്തി സന്നദ്ധത അറിയിച്ചത്. അങ്ങനെയാണു കഴക്കൂട്ടം ശാന്തി തീരത്തിൽ രാഖിയുടെ മൃതദേഹം എത്തിച്ച് അന്ത്യക്രിയകൾ സഫീർ നടത്തിയത്. മകൻ്റെയോ സഹോദരൻ്റെയോ സ്‌ഥാനത്തു നിന്ന് വായ്ക്കരിയിട്ട് രാഖിയുടെ ചിതയിലേക്ക് തീ പകരുമ്പോൾ മഗ്‌രിബ്‌ ബാങ്ക് ഉയരുന്നുണ്ടായിരുന്നു. 
എൻ്റെ മതം ഇതൊന്നും വിലക്കുന്നില്ല. മാനവികത ഉയർത്തിപിടിക്കാനാണു പഠിപ്പിക്കുന്നതെന്ന് സഫീർ പറഞ്ഞു. പിന്നീട് മഠം അധികൃതർ പുറത്തുവിട്ട വീഡിയോയിലൂടെയാണു സഫീറിന്റെ പ്രവൃത്തി നാട് അറിഞ്ഞത്.
ആരോരുമില്ലാത്ത, മനോ നില തെറ്റിയ രാഖിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണു തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്തുള്ള ലത്തീൻ കത്തോലിക്ക സന്യാസിനികളുടെ മഠത്തിലേക്ക് മാറ്റിയത്. 
അതിനിടയിലാണു അർബുദ രോഗം തിരിച്ചറിഞ്ഞത്. ഇവർക്ക് ഹിന്ദി മാത്രമേ സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ. രോഗം മൂർഛിച്ച ഘട്ടത്തിലാണ് രാഖി സിസ്റ്റർ ഷിൻസിയോട് തൻ്റെ അവസാനത്തെ ആഗ്രഹം പറഞ്ഞത്. എ.എച്ച്.ഹഫീസും ഈ നന്മ നിറഞ്ഞ പ്രവർത്തനത്തിൽ പങ്കാളിയായി.

Post a Comment

0 Comments