അമ്പലപ്പുഴ പാൽപ്പായസം ഇനി പുതിയ വാർപ്പിൽ

അമ്പലപ്പുഴ : ഐതിഹ്യപ്പെരുമകൾ ഏറെയുള്ള അമ്പലപ്പുഴ പാൽപായസം ഇനി പാകമാവുക പുതിയ ഉരുളി വാർപ്പിൽ. 1.9 ടൺ ഭാരമുള്ള വാർപ്പ് തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ ക്രെയിൻ ഉപയോഗിച്ച് ഉറപ്പിച്ചു. തിടപ്പള്ളിയുടെ ചുമർ പൊളിച്ചാണ് ഉരുളി അകത്ത് എത്തിച്ചത്.

ഭക്‌തരുടെ വർഷങ്ങൾ നീണ്ട ആഗ്രഹമാണ് ഇപ്പോൾ യാഥാർഥ്യമായത്.
 1750 ലീറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ വാർപ്പിൽ 400 ലീറ്റർ പായസം തയ്യാറാക്കും. ശിൽപി പരുമല കാട്ടുംപുറത്ത് പി.പി.അനന്തൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാർപ്പ് തയാറാക്കിയത്. ഇതിനായി ദേവസ്വം ബോർഡ് 29 ലക്ഷം രൂപ വിനിയോഗിച്ചു. മകൻ അനു അനന്തനും നിർമാണത്തിൽ പങ്കാളിയായി.
അൻപതോളം തൊഴിലാളികൾ 6 മാസം കൊണ്ടാണ് ഇത് തയാറാക്കിയത്.
കഴിഞ്ഞ 45 വർഷമായി 800 ലീറ്റർ വെള്ളം ശേഷിയുള്ള വാർപ്പിൽ 250 ലീറ്റർ പാൽപായസമാണ് തയാറാക്കിയിരുന്നത്. പുതിയ വാർപ്പിനായി തിടപ്പള്ളിയുടെ ജോലി നടക്കുന്നതിനാൽ പാൽപായസ ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഗുരുവായൂരിലേക്ക് 2 ടൺ ഭാരമുള്ള വാർപ്പ് അനന്തൻ ആചാരി തയാറാക്കി നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി സന്തോഷ്‌കുമാർ വാർപ്പ് ഏറ്റുവാങ്ങി. ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ബി.മുരാരി ബാബു, തിരുവാഭരണം സൂപ്രണ്ട് പി ആർ. ശ്രീശങ്കർ, അസി.കമ്മിഷണർ വി.ഈശ്വരൻ നമ്പൂതിരി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ എൻ അജിത്കുമാർ, ക്ഷേത്രം കോയ്‌മസ്‌ഥാനി ശ്രീകുമാർ വലിയ മഠം എന്നിവർ പങ്കെടുത്തു.
കിഴക്കേനടയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാണ് വാർപ്പ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ നിത്യ നിവേദ്യമാണ് ഏറെ പ്രശസ്തി നേടിയ ഈ  പാൽപ്പായസം. 

Post a Comment

0 Comments