മദ്യപിച്ചു കർമനിരതനായി; എഎംവിഐക്കെതിരെ പൊലീസ് കേസ്


കൊച്ചി : സർക്കാർ ഉദ്യോഗസ്ഥനെന്ന അധികാരത്തിൽ ജനങ്ങളെ വിരട്ടി മാസായി ഹീറോ കളിച്ച മോട്ടോർ വാഹന വകുപ്പിലെ എഎംവിഐ ഒടുവിൽ
 മദ്യപിച്ചതിന് പൊലീസ് കേസിൽ കുടുങ്ങി.
മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. 
ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. തോപ്പിൽ ജങ്ഷനിൽ വെച്ചാണ് സംഭവം. ഇവിടെ മത്സ്യ വിൽപ്പന നടത്തുകയായിരുന്ന ദമ്പതികളുമായി തര്‍ക്കമുണ്ടായപ്പോൾ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. 

ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന മത്സ്യങ്ങള്‍ അടങ്ങിയ പെട്ടികൾ  വിൽപ്പനയ്ക്കായി തട്ടിലേക്കു  മാറ്റുമ്പോഴാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ബിനു സ്വകാര്യ വാഹനത്തിൽ ഇവിടേക്ക് വന്നത്. ഓട്ടോയിൽ മീനുകള്‍ അടങ്ങിയ പെട്ടികൾ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നും അയ്യായിരം രൂപ പിഴ ഈടാക്കുമെന്നും ബിനു പറഞ്ഞു.  ഡ്യൂട്ടിയില്‍ അല്ലാതെ മദ്യപിച്ചാണ് ഉദ്യോഗസ്ഥൻ എത്തിയതെന്ന് മനസിലായതോടെയാണ് നാട്ടുകാർ ഇടപെട്ടത്.  കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഉദ്യോഗസ്ഥനെ പൊലീസ് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. തൃക്കാക്കര പൊലീസെത്തി ഉദ്യോഗസ്ഥനെ പരിശോധിച്ച് കേസെടുക്കണമെന്നായി നാട്ടുകാർ. 
തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ബിനു
മദ്യപിച്ചെന്ന് മനസ്സിലായി. സ്റ്റേഷനിൽ എത്തിച്ച് കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. 
നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിൽ നാട്ടുകാർ ഇയാളോട് ചുരിദാറായി സംസാരിക്കുന്നത് വ്യക്തമാണ്. 
'പാവപ്പെട്ടവരെ ഉപദ്രവിക്കാതെ നിനക്കൊക്കെ കക്കാൻ പൊയ്ക്കൂടേ... അവനെ അങ്ങനെ കൊണ്ടുപോകാൻ പറ്റില്ല സാറേ' എന്നെല്ലാം പറയുന്നത് വ്യക്തമാണ്. കടുത്ത വിമർശനവും പരിഹാസവും ആണ് ഇയാൾക്കെതിരെ ഉയരുന്നത്.

Post a Comment

0 Comments