Kasaragod
പ്രധാന മന്ത്രിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ഷിൻസ് അപകടത്തിൽ മരിച്ചു
ചിറ്റാരിക്കാൽ : പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ (എസ്പിജി) അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ്മോൻ തലച്ചിറ (42) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി ജോലിസ്ഥലത്തുനിന്നു താമസസ്ഥലത്തേക്കു മടങ്ങുംവഴി അപകടമുണ്ടായെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. 22 വർഷമായി ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്. മൃതദേഹം വിമാനമാർഗം ഇന്ന് ഉച്ചയ്ക്കു നാട്ടിലെത്തിക്കും.
അപകടത്തിൽ വിടപറഞ്ഞത് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ.
നാളെ രാവിലെ 9നു കണ്ണൂർ മണക്കടവിലെ സ്വന്തം വീട്ടിലെ ചടങ്ങുകൾക്കുശേഷം 10.30നു മണ്ഡപത്തെ തറവാട്ടിലേക്കു കൊണ്ടുവരും. ഉച്ചയ്ക്ക് 12നു മണ്ഡപം സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം.
ബിഎസ്എഫിൽ പ്രവർത്തിക്കുന്നതിനിടെ മികച്ച ഡ്രൈവറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 2012 ജൂലൈയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ എസ്പിജിയിൽ അംഗമായത്. 2014 മുതൽ 2020 ജൂലൈ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്പിജി ടീമിലും പ്രവർത്തിച്ചു. ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: ജിസ്മി (സ്റ്റാഫ് നഴ്സ്, ഉദയഗിരി പിഎച്ച്സി). മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും മണക്കടവ് ശ്രീപുരം സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ഷൈൻ (അധ്യാപകൻ, എസ്എഫ്എസ് സ്കൂൾ കർണാടക), ഷെറിൻ (നഴ്സ്, കാനഡ), ഷിബിൻ (നഴ്സ്, അബുദാബി).
പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിൽ മരിച്ചത്.
സാധാരണഗതിയിൽ മൂന്നുവർഷമാണ് എസ്പിജിയിൽ പ്രവർത്തിക്കുക. ഷിൻസിന്റെ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ട് ടേം കൂടി നൽകുകയായിരുന്നു.
Post a Comment
0 Comments