തോന്നുംപടി ഫീസ് പാടില്ല: അക്ഷയകേന്ദ്രങ്ങളുടെ നീക്കത്തിനു ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി : അക്ഷയ സെൻ്ററുകളിൽ സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. 
അക്ഷയ സെന്ററുകൾക്ക് ഏകികൃത ഫീസ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സംരംഭകർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണു ജനങ്ങളുടെ മനസ്സറിഞ്ഞുള്ള വിധി ഉണ്ടായിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ ബിസിനസ്സ് സെൻ്ററുകൾ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും കോടതി ഓർമിപ്പിച്ചു കൊണ്ട് ജസ്‌റ്റിസ് എൻ.നഗരേഷാണ് ഉത്തരവ് നൽകിയത്. 
ഓഗസ്‌റ്റ് ആറിനാണ് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് സർക്കാർ ഏകീകൃത നിരക്ക് ഏർപ്പെടുത്തിയത്. ഈ ഉത്തരവിനു എതിരെയാണു അക്ഷയ സംരംഭകരുടെ ഫെഡറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്‌ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ചാർജ് നിശ്ച‌യിച്ച് സർക്കാർ ഉത്തരവിറക്കിയത് കെ സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവിസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായി പരാതികൾ വ്യാപകമാണ്.
സർക്കാരുമായി ഉണ്ടാക്കിയ കരാറിൻ്റെ അടിസ്‌ഥാനത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് അക്ഷ കേന്ദ്രങ്ങളുടെ ലക്ഷ്യം സേവനമാണെന്നും സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ സർക്കാർ ഉത്തരവ് അക്ഷയ സംരംഭകർ അംഗീകരിക്കണമെന്ന് ഹൈക്കോടതി എടുത്ത് പറഞ്ഞു.
സർക്കാർ ഇ ഡിസ്ട്രിക്ട‌് സേവനങ്ങൾ, പരീക്ഷകൾ, കോഴ്‌സുകളുടെ അപേക്ഷ നൽകൽ തുടങ്ങിയ സേവനങ്ങൾക്ക് തോന്നിയ നിരക്കിലാണ് പണം ഈടാക്കുന്നതെന്ന് നിരവധി പരാതികൾ ഉണ്ട്.
അപേക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരാണു അമിത കൂലിക്ക് ഇരയാകുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്തത് അമിത കൂലി നൽകുന്നതിനു ഇടയാക്കുന്നുണ്ട്. അക്ഷയ നൽകുന്ന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്‌ഥ.
 അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾ സംബസിച്ചുള്ള പരാതികൾ നൽകാം: ഡയറക്‌ടർ, അക്ഷയ സ്‌റ്റേറ്റ് പ്രോജക്‌ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ തിരുവനന്തപുരം 695001.  ഈ മേൽവിലാസത്തിലും അതത് ജില്ലാ ഭരണകൂടത്തിനും ജനങ്ങൾക്ക് പരാതികൾ നൽകാം.

Post a Comment

0 Comments