ബന്ധുക്കളെ കാണാതെ പതിറ്റാണ്ടിന്റെ ഒറ്റപ്പെടല്‍; ഒടുവില്‍ നൂറുന്നീസയുടെ ജീവിതത്തില്‍ പുതുവെളിച്ചം
കോഴിക്കോട് : ഒരു പതിറ്റാണ്ട് മുമ്പ് മാനസികനില തെറ്റി വീടുവിട്ടിറങ്ങിയ നൂറുന്നീസയുടെ ജീവിതത്തില്‍ പുതുവെളിച്ചമെത്തി. ഉറ്റവരെ നഷ്ടപ്പെട്ട് ഭാഷയറിയാതെ മായനാട് ആശാഭവനില്‍ കഴിഞ്ഞ ബിഹാര്‍ സ്വദേശിനിയാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിലേക്ക് മടങ്ങിയത്.
2015 ജനുവരിയില്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നൂറുന്നീസയെ ആശാഭവനില്‍ പ്രവേശിപ്പിച്ചത്. മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും ഉറ്റവരെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ചോദിക്കുമ്പോള്‍ മൗനിയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളി സംസാരിച്ചപ്പോഴാണ് നാടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്.
ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലക്കാരിയായ ഇവര്‍ക്ക് ഭര്‍ത്താവും അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് മോത്തിഹാരി കോടതിയില്‍ അഭിഭാഷകനായിരുന്നു. ഇവര്‍ വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും നൂറുന്നീസയെ കണ്ടെത്താനായിരുന്നില്ല. ചമ്പാരന്‍ ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. വര്‍ഷങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ട ഉമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു മക്കള്‍.
ബംഗളൂരുവില്‍ താമസിക്കുന്ന മകളാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കൊണ്ടുപോകാന്‍ ആശാഭവനില്‍ എത്തിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മയെ തിരിച്ചു കിട്ടിയതിന്റെ ആനന്ദവും കാണാതായപ്പോഴുണ്ടായ വേദനയും
പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാഗമം കണ്ടുനിന്നവരെയും ഈറനണിയിച്ചു. ആശാഭവനിലെ യാത്രയയപ്പിന് ശേഷം നൂറുന്നീസയെ കൂട്ടി മകളും കുടുംബവും ബംഗളൂരുവിലേക്ക് മടങ്ങി. അവിടുന്ന് സ്വദേശമായ ബീഹാറിലേക്ക് തിരിക്കും.

Post a Comment
0 Comments