New Delhi
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി സി.പി.രാധാകൃഷ്ണന് ജയം
ന്യൂഡൽഹി : രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ
452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയിൽ റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്.
ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്
വഴിയൊരുക്കിയത്. ആർഎസ്എസിലൂടെ വളർന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണൻ. 2003 മുതൽ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരിൽനിന്ന് മുൻപ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2023 ഫെബ്രുവരി 18 മുതൽ 2024 ജൂലായ് 30 വരെ ജാർഖണ്ഡിന്റെ ഗവർണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളിൽ തെലങ്കാന ഗവർണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറുമായി സേവനം ചെയ്തു. 1957 ഒക്ടോബർ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനനം.
15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകൾ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം, തുടക്കത്തിൽ തന്നെ 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. ലോക്സഭയിൽ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയിൽ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് എൻഡിഎ കണക്കുകൂട്ടിയിരുന്നത്.
പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്.
ബിജു ജനതാദളിൽ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളിൽ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉൾപ്പെടെ ആകെ 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതിന് പിന്നാലെയാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്.

Post a Comment
0 Comments