ശീതീകരിച്ച എൽപി സ്കൂൾ നാടിന് സമർപ്പിച്ചു
മലപ്പുറം :
വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂർണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സർക്കാർ എൽ.പി സ്കൂൾ നാടിന് സമർപ്പിച്ചു. മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി സ്കൂളിന്റെ നൂറു വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ എം. പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു,
സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, വാർഡ് കൗൺസിലർ നാജിയ ഷിഹാർ, പ്രധാന്യാപിക ബി. പത്മജ എന്നിവർ സംസാരിച്ചു.
എഞ്ചിനിയറിങ് വിഭാഗം ഫിറ്റ്നസ് നൽകാതെ ശോചനീയാവസ്ഥയിലായ സ്കൂളിനാണ് നഗരസഭ അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തിന് പകരമായി നഗരസഭ പുതിയ സ്ഥലം വാങ്ങിയ ശേഷമാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. സ്ഥലം വാങ്ങിയത് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂൾ നിർമ്മാണത്തിന് 5.51 കോടി ചിലവഴിച്ചു. 5.1 കോടിയുടെ തനത് ഫണ്ട് ഉപയോഗിച്ചും 50 ലക്ഷം പി. ഉബൈദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. മുഴുവൻ ക്ലാസ് മുറികളിലും എയർകണ്ടീഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പുറമേ മുഴുവൻ സ്മാർട്ട് ക്ലാസിനായി പ്രൊജക്ടറുകൾ, സ്ക്രീനുകൾ, ഡിജിറ്റൽ ബോർഡുകൾ, കെട്ടിടത്തിന്റെ മൂന്ന് നിലകളിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, ശിശു സൗഹൃദ ബെഞ്ച്, ഡെസ്കുകൾ, സ്ഥാപനത്തിൽ മൊത്തമായി മൈക്ക്, സി.സി.ടി.വി എന്നിവയും ഒരുക്കി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സോളാർ അധിഷ്ഠിതമായിട്ടാണ് സ്കൂൾ കെട്ടിടം തയ്യാറാക്കിയത്. പ്രധാനധ്യാപൻ്റെ മുറി, സ്റ്റാഫ് മുറി, ലാബ്, ആധുനിക അടുക്കള സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് എൽ പി സ്കൂളിൽ തയ്യാറാക്കിയിട്ടുള്ളത്. സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ച് ഒന്നരവർഷം കൊണ്ടാണ് ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടം നഗരസഭ പൂർത്തിയാക്കിയത്.
Post a Comment
0 Comments