എതിർപ്പുകൾ അവഗണിച്ച് പിഎം ശ്രീയിൽ ഒപ്പുവച്ചതിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം : എൽഡിഎഫ് മുന്നണിയിൽ സിപിഐയുടെ കടുത്ത എതിർപ്പുകൾ അവഗണിച്ച് കേരളം കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംശ്രീയിൽ ഒപ്പുവച്ചതിൽ എൽഡിഎഫ് മുന്നണിക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. ഓരോ ബ്ളോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഓരോ ബ്ളോക്കിലും രണ്ട് സ്‌കൂളുകളെയാണു പിഎം ശ്രീയിൽ ഉൾപ്പെടുത്തുക. 2023ൽ ആണ് പിഎം ശ്രീ പദ്ധതി തുടങ്ങിയത്. 2027വരെയാണു പിഎം ശ്രീയുടെ കാലാവധി. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തി തുടങ്ങിയ കാലം മുതൽ ഈ പദ്ധതി കേരളം നടപ്പിലാക്കിയിരുന്നില്ല. ഒരു സ്‌കൂളിനു ശരാശരി 1.13 കോടി രൂപ ലഭിക്കും. മന്ത്രിസഭയിൽ പിഎം ശ്രീ ചർച്ച ചെയ്‌തപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. സിപിഐ നേതാക്കൾ പരസ്യമായി പിഎം ശ്രീക്ക് എതിരെയുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നു. പിഎംശ്രീ പദ്ധതിയുടെ കരാറിൽ കേരളം ഒപ്പുവച്ചതിനു എതിരെ വീണ്ടും സിപിഐ രംഗത്ത് എത്തി. വിശദ വിവരങ്ങൾ നാളെ സിപിഐ സെക്രട്ടറി പറയുമെന്ന് മുൻമന്ത്രി വി.എസ്.സുനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment
0 Comments