നെന്മേനി പഞ്ചായത്ത് വികസന സദസ്സ്
നെന്മേനി : നാടിന് അഭിമാനമായി മാറിയ വികസന പദ്ധതികൾക്കൊപ്പം വരുംകാലത്തേക്കുള്ള നാടിന്റ ആവശ്യങ്ങൾ കൂടി ചര്‍ച്ച ചെയ്ത് നെന്മേനി പഞ്ചായത്തിലെ വികസന സദസ്. കോളിയാടി പാരിഷ് ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ താഴേത്തട്ടിലുള്ള മുഴുവൻ ജനങ്ങൾക്കും സേവനം ഉറപ്പാക്കുന്നതിനൊപ്പം വികസന സദസിലൂടെ അവരുടെ അഭിപ്രായങ്ങൾ ആരായുക കൂടിയാണെന്ന് സി. അസൈനാർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭാഷോത്സവം മികച്ച മാതൃകയായി വികസന സദസ് വിലയിരുത്തി. പഞ്ചായത്തിന് ലഭ്യമായ ഫണ്ടിൽ നിന്ന് ഉത്പാദന മേഖലയിൽ 6.73 കോടി രൂപയും സേവന മേഖലയിൽ 38.43 കോടി രൂപയും പശ്ചാത്തല മേഖലയിൽ 14.68 കോടി രൂപയുമാണ് വകയിരുത്തിയത്. പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് രോഗികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 81 ലക്ഷം രൂപയും, അതിദരിദ്രരുടെ ഉന്നമനത്തിനായി 13 ലക്ഷം രൂപയും ചെലവഴിച്ചു. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 11.40 കോടി രൂപയും പൊതുകെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി 3.06 കോടിയും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പഞ്ചായത്ത് ചെലവഴിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 98 കുടുംബങ്ങളെയാണ് പഞ്ചായത്തിൽ കണ്ടെത്തിയത്. ഇവരിൽ 67 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി. ലൈഫ് ഭവന പദ്ധതിയിൽ 472 വീടുകൾ അനുവദിക്കുകയും. 230 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിലെ 4873 പേരെ ഡിജിറ്റൽ സാക്ഷരരാക്കി. കെ സ്മാർട്ട് മുഖേന ഗ്രാമപഞ്ചായത്തിൽ വിവിധ സേവനാവശ്യങ്ങൾക്കായി ലഭിച്ച 49949 അപേക്ഷകളിൽ 48018 എണ്ണവും തീര്‍പ്പാക്കി.
ജില്ലയിൽ ഏറ്റവുമധികം അങ്കണവാടികൾ ഉള്ള ഗ്രാമ പഞ്ചായത്താണ് നെന്മേനി. നിരവധി അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിച്ചു നൽകുകയും എല്ലാ അങ്കണവാടികൾക്കും പഞ്ചായത്ത് സ്വന്തമായി സ്ഥലം നൽകുകയും ചെയ്തു. പഞ്ചായത്ത് പരിധിയിൽ കർഷക സംഘത്തിന് സാമ്പത്തിക സഹായമെത്തിക്കുന്നതിലൂടെ നെന്മേനി കുത്തരി എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് വികസന സദസിൽ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വികസന പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും വികസന സദസിൽ നടന്നു. അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം പുതിയ അങ്കണവാടികൾ സ്ഥാപിക്കണമെന്ന ആവശ്യം ഓപ്പൺ ഫോറത്തിൽ ഉയര്‍ന്നു. താളൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ടായി. ബഡ്സ് സ്കൂളിന് അനുവദിച്ച ബസ് ലഭ്യമാക്കുന്നതിനും ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുമുള്ള നിർദ്ദേശങ്ങളും ലഭിച്ചു.
ചുള്ളിയോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കുക, ചുള്ളിയോട് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിലെ സൗകര്യങ്ങളും സേവനങ്ങളും വർധിപ്പിക്കുക, ലൈഫ് ഭവന പദ്ധതിയിൽ കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുക, ഗ്രാമീണ റോഡ് വികസനം, ജലജീവൻ പദ്ധതി പൂർത്തീകരണം, താളൂർ ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങും പ്രതിനിധികൾ ഉന്നയിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ അധ്യക്ഷനായ പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ സത്താർ, നെന്മേനി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി കൃഷ്ണൻകുട്ടി, യാശോദ ബാലകൃഷ്ണൻ, സുജ ജെയിംസ്, അനിത കല്ലൂർ, സൈസൂനത്ത്, സ്വപ്‍ന രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, അസിസ്റ്റന്റ് സെക്രട്ടറി കെ. ജിപ്സൺ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പ്രമോട്ടർമാർ, സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാര്‍ എന്നിവർ പങ്കെടുത്തു.
Post a Comment
0 Comments