വമ്പൻ ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാർ

തിരുവനന്തപുരം : തിരഞ്ഞെടുപ്പിനു മുൻപ് വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് സർക്കാർ. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് സാമൂഹിക സുരക്ഷാ പെൻഷൻ മുതൽ ജീവനക്കാരുടെ ഡിഎ വരെ വർധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷനിൽ പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ൽ നിന്ന് 2000 ആയി ഉയരും. ആശാ വ‌ർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു കൂട്ടി. നാല് ശതമാനം ഡിഎ കുടിശിക നവംബർ മാസത്തെ ശമ്പളത്തിനൊപ്പമാകും നൽകുക. 
സ്‌ത്രീകൾക്കായി പ്രത്യേക പെൻഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.  സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇത് നേരത്തെ എൽഡിഎഫ് പ്രകടനപത്രിയിൽ പറഞ്ഞിരുന്നതാണ്.  ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. പ്രഖ്യാപിച്ച എല്ലാ ക്ഷേമ പദ്ധതികൾക്കും വേണ്ട പണം സംസ്ഥാന സർക്കാർ കണ്ടെത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതാണെങ്കിലും ധനകാര്യ വകുപ്പ് ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത് മന്ത്രി പറഞ്ഞു. 

Post a Comment

0 Comments