എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനു ഇറങ്ങില്ല: തൃശൂർ മേയർ


തൃശൂർ : ബിജെപി അനുകൂല നിലപാടുകളുമായി  എൽഡിഎഫിനു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാൻ മേയർ എം.കെ.വർഗീസ്.  തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശ്ശൂർ മേയർ എം.കെ. വർഗീസ് മാതൃഭൂമി ന്യൂസിനോടു വ്യക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങൾ താൻ പറയും. ഇപ്പോൾ സ്വതന്ത്രനായാണ് നിൽക്കുന്നത്. ആർക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിന് ശേഷം തീരുമാനമെടുക്കുമെന്നും എം.കെ.വർഗീസ് പറഞ്ഞു. അഞ്ചു വർഷം കൊണ്ട് പുതിയ തൃശ്ശൂരിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇനി അത് മുമ്പോട്ട് കൊണ്ടുപോകാൻ പുതിയ തലമുറ വരട്ടെ. സ്വതന്ത്രനായാണ് ഞാൻ വന്നത്. ഇടതുപക്ഷത്തിന്റെ കൂടെ നിന്നപ്പോൾ ഇതുവരെ മുഖം കറുപ്പിക്കുന്ന സമീപനം ഉണ്ടായിട്ടില്ല. സ്വതന്ത്രനായിരുന്നു. അതുകൊണ്ട് അഴിമതിരഹിതമായ കുറേ വികസനം നടത്താൻ പറ്റി. അതിന്റെ ബോധ്യം ഇടതുപക്ഷത്തിനുണ്ടാകും. അതുകൊണ്ടായിരിക്കാം അഞ്ചു വർഷം തനിക്ക് കിട്ടിയത്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്രമത്തിലായിരിക്കും. ഒരു പാർട്ടിയുടെ കൂടെയും ഇറങ്ങാൻ ആലോചിച്ചിട്ടില്ല.
വർഗീസിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വലിയ വിവാദങ്ങളുയർത്തിയിരുന്നു. സുരേഷ് ഗോപിയെ നിരന്തരം പുകഴ്ത്തിപ്പറയുന്നതിലൂടെ ഇടതുപക്ഷത്തുനിന്നുതന്നെ ഏറെ വിമർശനങ്ങളുമുയർന്നിരുന്നു. കോർപ്പറേഷനിൽ 24-24 എന്ന നിലയിലായിരുന്നു എൽഡിഎഫും യുഡിഎഫും. ഇതിനൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചുവന്ന എം.കെ. വർഗീസും എത്തിയപ്പോഴാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. രണ്ടര വർഷം മേയർ സ്ഥാനം, അതിനുശേഷം സിപിഎമ്മിലെ ഒരാൾക്ക് മേയർസ്ഥാനം എന്നായിരുന്നു ധാരണ. എന്നാൽ, ഇത് പാലിക്കാൻ എം.കെ. വർഗീസ് തയ്യാറായില്ല. 

Post a Comment

0 Comments