കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ പ്രക്രിയയിലേക്ക്

ന്യൂഡൽഹി : കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഥാനാർത്ഥികളെ ആവുന്നത്ര നേരത്തെ തീരുമാനിക്കും. വയനാട്ടിൽ നടക്കുന്ന ക്യാമ്പ്, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുവായ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനും, ക്യാമ്പയിൻ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിൽ കൃത്യമായ രൂപം പാർട്ടി നേതാക്കളുടെ ഇടയിൽ ഉണ്ടാക്കാനുമുള്ളതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം വിലയിരുത്തും. എവിടെയെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിശോധിക്കും. 

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ - കഴിഞ്ഞ 10 വർഷക്കാലമായി കേരളത്തിലെ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച സർക്കാരിൽ നിന്ന് മോചനം നേടാൻ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പാർട്ടിയെയും മുന്നണിയെയും മുന്നോട്ടു കൊണ്ടുപോകുക. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒരു ശ്രമങ്ങൾക്കും ക്യാമ്പിൽ സ്ഥാനം ഉണ്ടാകില്ല. കോൺഗ്രസ് വയനാട്ടിൽ വാഗ്ദാനം ചെയ്ത വീടുകളുടെ സ്ഥലം രജിസ്ട്രേഷൻ ഇതിനകം നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. 2021-ലെ സ്ഥാനാർത്ഥി പട്ടികയിൽ 50 ശതമാനത്തിലധികം പേർ 50 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരായിരുന്നു. കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും നൽകാത്തത്ര യുവപ്രാതിനിധ്യമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. ചെറുപ്പക്കാർക്ക് ഇത്തവണയും പ്രാധാന്യം നൽകും.

കോൺഗ്രസിനെ തോൽപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി വരെ എന്തൊക്കെ പ്രലോഭനങ്ങൾ നൽകാൻ സിപിഎം തയ്യാറാകുന്നുവെന്നത് അവർ തന്നെ തുറന്നു കാട്ടിയിരിക്കുകയാണ്. കിട്ടുന്ന എല്ലാ വഴികളും തേടുന്നതാണ് അവരുടെ പുതിയ മാർക്സിസം തിയറി. ഒരു മാധ്യമ പ്രവർത്തകനും ഭീകരവാദിയല്ല. മാധ്യമ പ്രവർത്തകർ നമ്മളെ വിമർശിക്കും. ചിലപ്പോൾ വിമർശനം അതിരു കടന്നേക്കാം. അതിരെവിടെയെന്ന് നിശ്ചയിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. നമ്മൾ അല്ല. മാധ്യമങ്ങളെ മുഴുവനായി മോശമായി ചിത്രീകരിക്കുന്ന സമീപനത്തോട് യോജിപ്പില്ല.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാർത്ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവരും. ഇത് വിശ്വാസത്തിനെതിരെയുള്ള ഒരു കടന്നാക്രമണമാണ്. ഈശ്വര വിശ്വാസമില്ലാത്തവർ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ അവർക്ക് ദൈവത്തോടല്ല, ദൈവത്തിന്റെ മുമ്പിലുള്ള സ്വർണ്ണത്തോടായിരിക്കും ഭക്തി. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിനായി കോൺഗ്രസ് തയ്യാറാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.

Post a Comment

0 Comments