Responsive Ad

ഹനുമാൻ്റെ വേഷപ്പകർച്ചയിൽ സപ്തതി ആഘോഷിക്കാൻ പ്രഭാകരൻ പുന്നശ്ശേരി


ബാലുശ്ശേരി
:  കഥകളിയിലെ ഹനുമാൻ്റെ വേഷത്തിന് നവരസങ്ങൾ പകർന്ന് തൻ്റെ സപ്തതി ആഘോഷമാക്കാൻ തുള്ളൽ ഗുരു പ്രഭാകരൻ പുന്നശ്ശേരി.
സപ്തതിയുടെ നിറവിൽ കഥകളിയിലെ ഏറ്റവും ശ്രമകരമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകുകയാണ് അദ്ദേഹം. നാളെ വൈകിട്ട് പുന്നശ്ശേരി തവനൂർ വിഷ്ണു ക്ഷേത്രത്തിലാണ് 
ചിരഞ്ജീവിയായ ആഞ്ജനേയൻ്റെ
വേഷം അരങ്ങേറുക.
കോട്ടയം തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കല്യാണസൗഗന്ധികം കഥകളിയിലെ വെള്ളത്താടി വിഭാഗത്തിലെ ഗൗരവതരമായ അഭിനയ രൂപമാണ് ഇത്. 
1967ൽ നന്മണ്ട നാഷണൽ എൽ പി സ്കൂളിൽ നാലാം ക്ലാസ് പഠിക്കുമ്പോൾ വാർഷിക ആഘോഷത്തിന് വടക്കൻ പാട്ടിലെ "ഈ വക പെണ്ണുങ്ങൾ ഭൂമിയിൽ ഉണ്ടോ" എന്ന ആംഗ്യപ്പാട്ട് വേദിയിൽ അവതരിപ്പിച്ചു കൊണ്ടാണ്  പ്രഭാകരൻ പുന്നശ്ശേരി കലാ രംഗത്ത് പ്രവേശിച്ചത്. തുടർന്ന് പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂളിൽ പഠനം തുടരുമ്പോഴാണ് ചിരുകണ്ടൻ ചരിതം ഓട്ടൻതുള്ളൽ രാമൻകുട്ടി നായർ ആശാൻറെ ശിക്ഷണത്തിൽ ആ വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിന് അവതരിപ്പിക്കുന്നത്. പിന്നീട് നന്മണ്ട ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ആലപ്പുഴ വച്ച് നടന്ന പതിനാലാം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥിയായി പങ്കെടുത്ത് തുള്ളലിൽ ഒന്നാമനായി. കഠിനമായ പ്രയത്നത്തിലൂടെ കലാമണ്ഡലത്തിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടുവാനും സാധിച്ചു. ഗോപിനാഥ പ്രഭ ആശാനിൽ നിന്നും 12 തുള്ളൽ കഥകൾ ഹൃദ്യസ്ഥമാക്കുന്ന
തോടൊപ്പം നാട്ടിലെ കലാ വിദഗ്ധരിൽ നിന്നും തബല മൃദംഗം തുടങ്ങിയ വാദ്യാകലകൾ പരിശീലിക്കുകയും  ചെയ്തു. കുട്ടമ്പൂർ പുന്നശ്ശേരി എയുപി സ്കൂളിൽ അധ്യാപകനായിരിക്കെയാണ് വിവിധ കലകളിൽ നൈപുണ്യം നേടാൻ സമയവും സന്ദർഭവും അദ്ദേഹം കണ്ടെത്തിയത്.
കഥകളിയോടുള്ള അഭിനിവേശത്താൽ  ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ചേലിയ കഥകളി വിദ്യാലയത്തിൽ രണ്ടു വർഷം കഥകളി അഭ്യസിച്ചു.  കലാമണ്ഡലം പ്രേംകുമാർ ആശാൻറെ ശിക്ഷണത്തിലാണ് കഥകളി ചുവടുകളും അഭിനയ ഗരിമയും കരസ്ഥമാക്കിയത്.
രണ്ടുവർഷം മുമ്പ് കണ്ണൂർ നാറാത്ത് കൃഷ്ണമണി മാരാർ ആശാൻറെ കീഴിൽ സോപാനസംഗീതം പഠിക്കുകയും നാറാത്ത് മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.
 ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സന്നിധ്യത്തിലാണ് കഥകളിയിലെ സാത്വികഭാവമായ പച്ച വേഷത്തിൽ കുചേലവൃത്തം കഥയിലെ ശ്രീകൃഷ്ണ വേഷം തൻറെ ഷഷ്ഠി പൂർത്തിയോടനുബന്ധിച്ച് ഈ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത്.
അടുത്തവർഷം മിനുക്ക് വേഷത്തിൽ പൂതനാഘോഷത്തിലെ പൂതനയായും മൂന്നാമത്തെ വർഷം ഗുരുവായൂർ നേതൃത്വം ഓഡിറ്റോറിയത്തിൽ കുചേലവൃത്തകഥയിലെ കുചേലനെ അവതരിപ്പിക്കുകയും ചെയ്തു.  നാലാം ഊഴമായാണ്  വെള്ളത്താടി വിഭാഗത്തിലെ ഹനുമാൻ കഥാപാത്രവുമായി ഇത്തവണ വേദിയിൽ എത്തുന്നത്. 
പത്തോളം പുരസ്കാരങ്ങൾക്ക്  ഇതിനകം അർഹരായി.
35 വർഷങ്ങളായി സ്കൂൾ കലോത്സവങ്ങളിലൂടെ ആയിരത്തോളം തുള്ളൽ പ്രതിഭകളെ രൂപപ്പെടുത്തിയെടുക്കാനും വിദ്യാർത്ഥികൾക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത സ്ഥാനങ്ങൾ നേടികൊടുക്കാനും ഇദ്ദേഹത്തിന് സാധിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍