മുൻ നക്സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ വിടവാങ്ങി
വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കുന്നിക്കല്‍ നാരായണന്‍, വര്‍ഗീസ്, മന്ദാകിനി, അജിത തുടങ്ങിയ നക്സലൈറ്റ് നേതാക്കൾക്കൊപ്പം കേരളത്തിൽ ഒട്ടേറെ ആക്രമണങ്ങളിൽ വെള്ളത്തൂവല്‍ സ്റ്റീഫന്‍ പങ്കെടുത്തു. നക്‌സലൈറ്റ് ആശയം കേരളത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ഓപ്പറേഷൻ എന്നറിയപ്പെടുന്ന 1968-ലെ 'തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണ'ത്തിൻ്റെ ഒരാളായിരുന്നു സ്റ്റീഫൻ; അതിൽ പങ്കെടുക്കുകയും ചെയ്തു. തൊട്ടു പിന്നാലെ നടന്ന പുൽപ്പള്ളി ഓപ്പറേഷൻ്റെ പിന്നിലും ഇതേ സംഘം തന്നെയായിരുന്നു. ഇതിനെതിനെ തുടർന്ന് സ്റ്റീഫൻ ഒളിവിൽപോയി; മൂന്നു വർഷക്കാലം ഒളിവിൽ പ്രവർത്തനം നടത്തിയ ശേഷമാണ് അറസ്റ്റിലാകുന്നത്.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് ആ കുടുംബം ഇടുക്കിയിലെ വെള്ളത്തൂവലിനു സമീപമുള്ള കുത്തുപാറയിലേക്ക് കുടിയേറി.
പിതാവിൽ നിന്നാണ് സ്റ്റീഫൻ കമ്മ്യൂണിസത്തെ കുറിച്ച് അറിയുന്നത്.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക് വന്നു. 1964ൽ പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ തുടന്നു. പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുകയും കേരളത്തിലെ ഒരു സംഘം പാർട്ടി പ്രവർത്തകരോടൊപ്പം തീവ്ര നിലപാടുകളിലേക്ക് മാറി.
1968-ലെ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവ പോരാളിയായി മാറിയത്.
1971-ൽ ഉദ്യോഗമണ്ഡലിൽ നിന്നാണ് വെള്ളത്തൂവൽ സ്റ്റീഫനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളാണ് സ്റ്റീഫനതിരെ ഉണ്ടായിരുന്നത്. ജയിൽ ശിക്ഷയ്ക്കിടെ നക്‌സൽ പ്രവർത്തനം ഉപേക്ഷിച്ചു. പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്‌മയിൽ നിന്നുള്ള ആവേശമായിരുന്നു എന്നാണ് സ്റ്റീഫൻ ഇതേക്കുറിച്ച് പിന്നീട് വിശേഷിപ്പിച്ചത്. മുതലാളിത്തത്തെ ഇല്ലാതാക്കാൻ മുതലാളിമാരെ കായികമായി ഇല്ലാതാക്കണമെന്ന ഉന്മൂലന സിദ്ധാന്തത്തോട് സ്റ്റീഫൻ എന്നന്നേക്കുമായി വിട പറഞ്ഞു.
കൊലക്കേസ് ഉൾപ്പെടെ വിവിധ കേസുകളിലായി സ്റ്റീഫന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.14 വർഷത്തോളമാണ് ജയിലിൽ കഴിഞ്ഞത്. 1984 ൽ സ്റ്റീഫൻ ജയിൽ മോചിതനായി.
മോചനത്തിന് ശേഷം കുറച്ചുകാലത്തേക്ക് സുവിശേഷ പ്രവർത്തനത്തിലേക്ക് തിരിഞ്ഞിരുന്നു. അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ഒരു തയ്യൽ കട നടത്തിയാണ് ജീവിതം നയിച്ചത്.
ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം ആതതായികൾ, അർധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.
2021 ഡിസംബറിലാണ് 'വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ' എന്ന പേരിൽ ജീവിതാനുഭവങ്ങൾ ചേർത്ത പുസ്‌തകം പുറത്തിറങ്ങുന്നത്. നക്‌സൽ നേതാക്കളും സ്റ്റീഫൻ്റെ സഹയാത്രികനുമായിരുന്ന വര്‍ഗീസ് ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആത്മകഥയെ അടിസ്ഥാനമാക്കി ഒരു സിനിമ ഉണ്ടാകണമെന്ന് സ്റ്റീഫൻ ആഗ്രഹിച്ചിരുന്നു എങ്കിലും അതു സാധിക്കാതെ വിട പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍