Responsive Ad

എൽഡിഎഫ് സർക്കാർ കായിക മേഖലയെ തകർത്തു: പി.എം.നിയാസ്

കോഴിക്കോട് : 
മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കേരളത്തെ പറ്റിച്ച പോലെ നടപ്പാക്കാത്ത വാഗ്ദാനങ്ങൾ മാത്രമാണ് സംസ്ഥാന സർക്കാർ കായിക മേഖലയ്ക്ക് നൽകുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് പറഞ്ഞു. സംസ്ഥാന ബജറ്റിൽ ജില്ലയിലെ കായിക മേഖലയെ അവഗണിച്ചതിനെതരെ ദേശീയ താരങ്ങളുടെ നേതൃത്വത്തിൽ ബജറ്റിൻ്റെ കോപ്പി കത്തിച്ച് കോൺഗ്രസിൻ്റെ കായിക വിഭാഗമായ ദേശീയ കായിക വേദി ജില്ലാ സ്പോർട്സ് കൗൺസിലിന് മുൻപിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക മേഖലയിൽ കോഴിക്കോടിന് കനത്ത അവഗണനയാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ച സ്പോർട്സ് കോംപ്ലക്സ് പദ്ധതി പോലും ജില്ലയിൽ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ കോഴിക്കോടിന് വേണ്ടി പ്രഖ്യാപിച്ച പത്തു കോടി വക മാറ്റുകയും ചെയ്തു.
ഐ എസ് എൽ, ഐ ലീഗ് മൽസരങ്ങൾ നടക്കുന്ന മൂന്ന് പ്രധാന ക്ലബുകളുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വികസന പദ്ധതിയും നടപ്പിലാക്കുന്നില്ല. കളിക്കാർക്ക് ആവശ്യമായ പരിശീലന ഗ്രൗണ്ടുകൾ പോലും പ്രഖ്യാപിച്ചില്ല. ആത്മാർത്ഥ ഉണ്ടെങ്കിൽ കായിക താരങ്ങൾക്ക് മിനിമം യാത്രാബത്തയും ജേഴ്സിയുമെങ്കിലും നൽകണമെന്ന് പി.എം.നിയാസ്  ആവശ്യപ്പെട്ടു.
കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. മുജീബ് പുറായിൽ , റനീഫ് മുണ്ടോത്ത്, കെ. റിനീഷ് ബാൽ, ടി. മുഹ്സിൻ , പി സാജിദ്, ജോയൽ ആൻ്റണി ,ജാസിർ പെരിങ്ങളം , പി ഷമീർ ബാവ, പി മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍