റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ പുറത്താക്കി


മാഞ്ചസ്റ്റർ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്. 2024 നവംബറിൽ എറിക് ടെൻ ഹാഗിന് പകരം ഓൾഡ് ട്രാഫോഡിലെത്തിയ പോർച്ചുഗീസ് കോച്ചിന്റെ 14 മാസത്തെ കാലയളവിനാണ് ഇതോടെ അവസാനമായത്. ക്ലബ്ബിലെ മുൻ താരം ഡാരൻ ഫ്‌ളച്ചർ ഇടക്കാല മാനേജറാവും.

'പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉയർന്ന ലീഗ് ഫിനിഷിങ്ങിനുള്ള മികച്ച അവസരം നൽകുന്നതിന് ഇപ്പോൾ മാറ്റം വരുത്തേണ്ട സമയമാണെന്ന് ക്ലബ്ബ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു. റൂബന്റെ സംഭാവനകൾക്ക് നന്ദി പറയുന്നു. നല്ല ഭാവി ആശംസിക്കുന്നു.'

അമോറിമിന്റെ അവസാന മത്സരം ലീഡ്‌സ് യുനൈറ്റഡിനെതിരായ 1-1 സമനിലയായിരുന്നു. ആ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതാണ് പുറത്താക്കലിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 'ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജറാവാനാണ് എത്തിയത്, കോച്ചായിട്ടല്ല' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. സ്‌കൗട്ടിങ് ഡിപ്പാർട്ട്‌മെന്റും സ്‌പോർട്ടിങ് ഡയറക്ടർ ജേസൺ വിൽകോക്‌സും തങ്ങളുടെ ജോലി യഥാവാധി നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ താരങ്ങളെ എത്തിക്കാൻ കഴിയാത്തതിലുള്ള അതൃപ്തി അമോറിമിനെ ക്ലബ്ബ് ഉടമകളുമായി അകറ്റിയിരുന്നു എന്നാണ് സൂചന. അവസാന 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ടീമിന് നേടാൻ കഴിഞ്ഞത്.

Post a Comment

0 Comments