കുട്ടി മോഷ്ടാക്കൾ തട്ടിയെടുത്തത് എട്ട് ബൈക്കുകൾ
തൃശ്ശൂർ : ഒരു ബൈക്ക് മോഷണത്തിൽ തുടങ്ങിയ അന്വേഷണത്തിൽ
കണ്ടെടുത്തത് എട്ടു ബൈക്കുകൾ.
മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേരും. കഴിഞ്ഞ കുറച്ചു നാളുകളായി പോലീസിന് തലവേദനയായി മാറിയ ബൈക്ക് മോഷ്ട്ടാക്കളെ തൃശൂർ ഈസ്റ്റ് പോലീസും, അസിസ്റ്റൻറ് കമ്മീഷണറുടെ സ്‌ക്വാഡും ചേർന്നു പിടികൂടിയത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽ പെട്ട തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ടൗൺ എ സി പി കെ.ജി സുരേഷിന്റെയും, ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ യുടെയും നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുകയും, എത്രയും പെട്ടന്ന് തന്നെ പ്രതികളെ പിടിക്കാൻ നിർദ്ദേശം നൽകുകയും ആയിരുന്നു.
രാഗം തിയേറ്ററിനു മുന്നിൽ നഷ്ടപെട്ട ബൈക്കിൻെറ പരാതിയിലെ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്. മോഷ്ടിക്കപ്പെട്ട എട്ടോളം ബൈക്കുകളിലേക്കും അതിനു പിന്നിലെ പ്രായപൂർത്തിയാകാത്ത നാലുപേരിലേക്കും അന്വേഷണ സംഘം എത്തുകയായിരുന്നു.
ജനുവരി 26 ന് രാഗം തിയേറ്ററിനു മുന്നിൽ വച്ചിരുന്ന ബൈക്ക് നഷ്ടപെട്ടു എന്ന പരാതിയാണ് സ്റ്റേഷനിൽ ആദ്യം ലഭിച്ചത്. പരാതിയിലെ അന്വഷണത്തിനിടെ തലേദിവസം നൈറ്റ് പട്രോൾ ഡ്യൂട്ടിക്കിടെ സംശയാസ്പദമായി രീതിയിൽ കണ്ട് ബൈക്ക് ഉപേക്ഷിച്ചപോയ ചെറുപ്പക്കാരിലേക്കാണ് പിന്നീട് അന്വേഷണം നീണ്ടത്. മോഷ്ടിച്ച ബൈക്കുകളുടെ നമ്പരുടെ മാറ്റിവച്ചതിനാൽ ലഭിച്ച ബൈക്കിൻെറ ഉടമസ്ഥനിലേക്കെത്താനും സാധിച്ചില്ല. എന്നാൽ സാങ്കേതിക സഹായം ഉപയോഗിച്ചുള്ള അതിവിദഗ്ധ അന്വേഷണത്തിൽ പിടികൂടിയത് പ്രായപൂർത്തിയാകാത്ത ഒരു പയ്യനെയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായത് കൂട്ടുകാരായ മറ്റ് മൂന്നു പേരുമായി ചേർന്നുള്ള കൂട്ടായ മോഷണ പരമ്പരയായിരുന്നു. പലയിടങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് എട്ടോളം ബൈക്കുകളാണ്. അഞ്ചോളം പരാതികളാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മാത്രമായി ലഭിച്ചത്. ഒരു ബൈക്ക് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപെട്ടതായിരുന്നു. ഒരു രാത്രിയ്ക്കുള്ളിൽ നാലു ബൈക്കോളം മോഷ്ടിച്ചെന്നും അവർ വെളിപെടുത്തി.
കേസിൽ ഉൾപ്പെട്ട നാലു പേരുടെയും രക്ഷാകർത്താക്കളെ വിളിച്ചു വരുത്തുകയും കുട്ടികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കുകയും രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും പറഞ്ഞു. കുട്ടികൾക്ക് തൃശ്ശൂർ സിറ്റി പോലീസിന്റെ കൗൺസിലിങ്ങ് പദ്ധതിയായ റീച്ച് (Resources Education Awareness Counselling Help) ൽ ഉൾപ്പെടുത്തി അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമവും തൃശൂർ സിറ്റി പോലീസ് നടത്തി വരുന്നുണ്ട്.
അസിസ്റ്റ് കമ്മീഷണർ ഓഫ് പോലീസ് കെ.ജി സുരേഷിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ജെ ജിജോ, സബ് ഇൻസ്പെക്ടർരാരായ ബിപിൻ പി നായർ, ഹരീന്ദ്രൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, സൂരജ്, ദീപക്, ഹരീഷ്, അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍