Responsive Ad

ജനസൗഹൃദ പൊലീസ് എന്ന അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണം: ഡിജിപി



തൃശൂർ : ജനസൗഹൃദ  പൊലീസ് എന്ന അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പുതുതായി സേനയിലേക്ക് വരുന്ന സബ് ഇൻസ്പെക്ടർമാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ആഹ്വാനം ചെയ്തു. 
പരമ്പരാഗത പോലീസ് രീതികൾ അനുദിനം മാറിവരികയാണെന്നും അതിനനുസൃതമായി പോലീസ് ഓഫീസർമാർ അവരവരുടെ മേഖലകൾ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 73 പൊലീസ് സബ് ഇൻസ്പെക്ടർ മാരുടെ പാസിങ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സൈബർ കുറ്റകൃത്യങ്ങൾ, വെർച്വൽ അറസ്റ്റ്, ക്രിപ്റ്റോ കറൻസി വഴിയുള്ള തട്ടിപ്പുകൾ, സംഘടിത ലഹരിമരുന്ന് വ്യാപാരം എന്നിങ്ങനെ മുൻപത്തെക്കാളും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെയാണ്  പൊലീസിന് നേരിടേണ്ടി വരുന്നത്. കായികശക്തിയും സംഘടിതബലവും മാത്രം ഉപയോഗിച്ച് ഇവ തടയാനാവില്ല. ഇൻറലിജൻസ് അടിസ്ഥാനമാക്കിയും സാങ്കേതികതയെ അടുത്തറിഞ്ഞുകൊണ്ടും മാത്രമേ പുതുതലമുറ കുറ്റകൃത്യങ്ങളെ നേരിടാനാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ആർ.അനന്തു ശേഖർ നയിച്ച പരേഡിൻ്റെ സെക്കൻഡ് ഇൻ കമാൻഡ് കെ.എസ്.നിസാമുദ്ദീൻ ആയിരുന്നു.  പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഡിജിപി പുരസ്കാരങ്ങൾ വിതരണം ചെയ്തു. 
മികച്ച ഓൾ റൗണ്ടർ, ഇൻഡോർ കേഡറ്റായി അനന്തു ശേഖറും മികച്ച ഔട്ട്ഡോർ കേഡറ്റായി  നിസാമുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു. കെ.സഞ്ജയ് ആണ് മികച്ച ഷൂട്ടർ. 
പാസ് ഔട്ടായി സേനയുടെ ഭാഗമാകുന്നവരിൽ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികളായ 22 പേരും ബിരുദധാരികളായ 51 പേരും ഉൾപ്പെടുന്നു. കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ  കെ. സേതുരാമൻ, തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ടി. നാരായണൻ, ഉന്നത പൊലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍