ബംഗ്ലാദേശിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു
ധാക്ക : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ബംഗ്ലാദേശിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള ചടങ്ങിൽ പങ്കെടുത്തു. അടുത്തിടെ നടന്ന 13-ാമത് പൊതു തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടിയിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കൂടാതെ മറ്റ് നിരവധി വിദേശ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാവിലെ ബി.എൻ.പി നിയമസഭാംഗങ്ങൾ താരിഖ് റഹ്മാനെ പാർലമെന്‍ററി പാർട്ടി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തിരുന്നു.
2024 ജൂലൈയിൽ ഉണ്ടായ വിപ്ലവത്തെ തുടര്‍ന്ന് ശൈഖ് ഹസീന രാജ്യം വിട്ടിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അതിനുശേഷം സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിൻ്റെ തലവനായി. ശൈഖ് ഹസീന പുറത്തായതിനു ശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് വന്‍ വിജയം നേടിയത്. 209 സീറ്റിലാണ് ബിഎന്‍പി വിജയിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ആറ് സീറ്റും നേടി. പ്രധാനമന്ത്രി
താരിഖിനെ കൂടാതെ 49 മന്ത്രിമാരാണ് സർക്കാരിലുള്ളത്. ഇതിൽ 25 പേർക്ക് കാബിനറ്റ് റാങ്ക് നൽകി. 24 പേർക്ക് സഹമന്ത്രി പദവി ലഭിച്ചു. ബിഎൻപിയുടെ മുതിർന്ന നേതാവ് നിതായ് റോയ് ചൗധരിയാണ് മന്ത്രിസഭയിലെ ഏകഹിന്ദു പ്രതിനിധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍