കോഴിക്കോട് ആവർത്തിക്കുന്ന ദുരന്തങ്ങൾ; നിസ്സഹായരായി ജനങ്ങൾ
കോഴിക്കോട് : അനാസ്ഥയുടെ സ്‌മാരകങ്ങളായി അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ ഏറെയുണ്ട് കോഴിക്കോട് നഗരത്തിൽ. ദുരന്തങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കാത്തത് മറ്റു വലിയ അപകടങ്ങളിൽ കൊണ്ട് ചെന്ന് എത്തിക്കുന്നു. കഴിഞ്ഞ ദിവസം കോർപ്പറേഷൻ്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിൻ്റെ കുറ്റൻ സ്ളാബ് തകർന്ന് നാല് തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവത്തിനും കാരണം അന്വേഷിച്ച് കൂടുതൽ തല പുകയ്‌ക്കേണ്ടതില്ലെന്ന് ജനം ഒന്നാകെ പറയുന്നു.
ജോലിക്കിടയിൽ വിശ്രമിക്കുകയായിരുന്ന വലിയങ്ങാടിയിലെ തൊഴിലാളികളായ 4 പേർക്കാണ് ഈ അനാസ്‌ഥ കാരണം ജീവനുകൾ നഷ്ടമായത്. ഭാഗ്യത്തിനു മാത്രം ജീവൻ രക്ഷപ്പെട്ടവർ വേറെയും ഉണ്ട്. ഈ മനുഷ്യരുടെ കുടുംബങ്ങളെല്ലാം ഇവരെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. പൊടുന്നനെ കുറേ കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ് ഇല്ലാതായത്.
കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്നു വീണ് വലിയ ദുരന്ത ഉണ്ടായ സംഭവത്തിൽ കോർപ്പറേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ എൻജിനീയർമാരുടെ സംഘമാണ് ഇതേ കുറിച്ച് അന്വേഷണം നടത്തുക. തുടർന്ന് വിശദമായ റിപ്പോർട്ട് കോർപ്പറേഷനു കൈമാറും.
പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മരിച്ച നാലു പേർക്കും അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ വീതം കോർപ്പറേഷൻ അനുവദിച്ചു. പരുക്കേറ്റ ഒരാൾക്ക് അരലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കോർപ്പറേഷൻ്റെ ഉടമസ്‌ഥതയിലുള്ള പതിനാറ് കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് രണ്ട് വർഷം മുൻപ് കണ്ടെത്തിയതായി ഇപ്പോഴത്തെ ഭരണസമിതി അംഗീകരിക്കുന്നുണ്ട്. എന്നാൽ അതിൻ്റെ പേരിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളെ പൊടുന്നനെ ഇറക്കിവിടാൻ കഴിയില്ലെന്ന നിസ്സഹായതയും ഭരണ നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. ദുരന്ത സമയം മുതൽ യുഡിഎഫും ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ രാത്രി യുഡിഎഫ് പ്രവർത്തകർ വലിയ അങ്ങാടിയിൽ നിന്നും മേയർ ഭവനിലേക്ക് മാർച്ച് നത്തി. ഒട്ടേറെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിട്ടു.
• അപകടം വരുത്തിയത് അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം
കോഴിക്കോട് നഗര ഭരണ സിരാ കേന്ദ്രത്തിനു സമീപം തന്നെയാണ് തകർന്ന ഈ കെട്ടിടം ഉള്ളത്. അൻപത് വർഷം പഴക്കമുള്ളതാണ് ഈ കെട്ടിടം. രണ്ട് പതിറ്റാണ്ട് മുൻപ് വരെ പാസ്പോർട്ട് ഓഫിസും മറ്റ് ഓഫിസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു അതിനു ശേഷം വിവിധ കച്ചവട സ്‌ഥാപനങ്ങളും ഗോഡൗണുകളും ഇവിടെ പ്രവർത്തിച്ചു. 1977 ൽ നിർമിച്ചതാണ് കെട്ടിടം പരാതികളെ തുടർന്നും ദുരന്ത ഭീഷണിയെ തുടർന്നും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കലക്‌ടർ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. അതിനു ശേഷവും പുതിയ സ്ഥാപനങ്ങൾ ഈ വിവാദ കെട്ടിടത്തിൽ പ്രവർത്തിച്ചത് ദുരൂഹമാണെന്ന് ജനങ്ങൾ പറയുന്നു. നിയമലംഘനങ്ങൾക്ക് വഴിവിട്ട സഹായങ്ങൾ ലഭിച്ചോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് സ്‌ഥാപന ഉടമകളും പറയുന്നു. പലപ്പോഴും കോടതി വ്യവഹാരങ്ങളിലൂടെ അനുമതി നേടുന്നതായും തൊഴിലാളികൾ പറഞ്ഞു.
. തുടരുന്ന ഭീഷണി
കോർപ്പറേഷൻ കെട്ടിടങ്ങളുടെ തകർച്ചാ ഭീഷണി വലിയങ്ങാടിയിൽ മാത്രം ഒതുങ്ങന്നതല്ല. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പത്ത് കെട്ടിടങ്ങൾ സമാനമായതോ അതിൽ കൂടുതലോ ആയ ഭീഷണി നേരിടുന്നുണ്ട്. രണ്ടാം ഗേറ്റിനു സമീപം, മെഡിക്കൽ കോണളേജ് ജംക്ഷൻ, കാരപ്പറമ്പ്, അരീക്കാട് തുടങ്ങിയ സ്‌ഥലങ്ങളിലാണ് ഈ കെട്ടിടങ്ങൾ ഉള്ളത്. കോർപ്പറേഷൻ നടപടി സ്വീകരിക്കാത്തതിനാൽ ഇവയുടെ കാലപ്പഴക്കവും അപകട ഭീഷണിയും കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയാണ് പൊളിച്ചു മാറ്റണമെന്ന നിർദേശം ബന്ധപ്പെട്ട അികൃതർക്ക് നൽകിയത്. എന്നാൽ ഇതിനു കടലാസിൻ്റെ വില പോലും ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം.
. തീപിടിത്ത ഭീതിയും
കെട്ടിടത്തിന്റെ തകർച്ച മാത്രമല്ല തീപിടിത്ത ഭീഷണിയും കോർപ്പറേഷൻ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. കഴിഞ്ഞ വർഷം മേയ് 18 ന് പുതിയ ബസ് സ്‌റ്റാൻഡിലെ കോർപ്പറേഷൻ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ അപായ ഭീഷണികൾ വേറെയും. തുണിക്കടയുടെ ഉള്ളിൽ നിന്നു പടർന്ന തീ മറ്റ് സ്‌ഥാപനങ്ങളിലേക്കും പകരുകയായിരുന്നു. ജനത്തിരക്കേറെയുള്ള നഗര മധ്യത്തിലുണ്ടായ തീപിടിത്തം വലിയ ആശങ്കയാണ് അന്ന് ഉയർത്തിയത്. ഭാഗ്യത്തിനാണ് മനുഷ്യ ജീവനുകൾ രക്ഷിക്കാനായത്.
കെട്ടിടങ്ങളുടെ ഉടമസ്‌ഥാവകാശം കോഴിക്കോട് കോർപ്പറേഷനാണെങ്കിലും കൃത്യമായ സുരക്ഷാ പരിശോധനകളൊന്നും ഇത്തരം കെട്ടിടങ്ങളിൽ നടക്കാറില്ലെന്നാണു ആക്ഷേപം. ആരാണ് ഈ കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നതെന്നു പോലും കോർപ്പറേഷൻ അറിയാരില്ല. കോർപ്പറേഷനുമായി വാടക കരാറുള്ളവർ ഇത്തരം കെട്ടിടങ്ങൾ മറ്റു പലർക്കായി കൂടുതൽ പണം വാങ്ങി മറിച്ചു നൽകുകയാണ് ചെയ്യുന്നത്.
അതിനിടെ ദുരന്തത്തിനു കാരണമായ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കുമെന്നും കോർപ്പറേഷൻ ആവശ്യപ്പെടുന്നതു പോലെ ഒഴിഞ്ഞു കൊടുക്കില്ലെന്നുമുള്ള നിലപാടുമായി സ്വകാര്യ വ്യക്തി രംഗത്ത് എത്തി. ഇദ്ദേഹത്തിന്റെ സ്‌ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സൺഷേഡ് തകർന്നതു അശാസ്ത്രീയ നിർമാണം കൊണ്ടാണെന്നും കെട്ടിടത്തിനു ബലക്ഷയം ഇല്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.
• വൈകി വരുന്ന നടപടികൾ
പ്രതിഷേധങ്ങൾക്കൊടുവിൽ അപകടം ഉണ്ടായ കെട്ടിടത്തിൽ കോർപ്പറേഷൻ അധികൃത നോട്ടീസ് പതിച്ചു. യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കോർപ്പറേഷൻ ഓഫീസിലേക്ക് ബിജെപിയും മേയർ പ ഭവനിലേക്ക് യുഡിഎഫും പ്രതിഷേധ മാർച്ചുകൾ നടത്തി. യുഡിഎഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു.
എന്നാൽ ഈ കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന വിജയ് സിങ് നോട്ടീസ് അംഗീകരിച്ച് മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ഉടമക്കെതിരെ തൊഴിലാളികളും രംഗത്ത് എത്തി. അപകടത്തെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ കെട്ടിട്ടു പൂർണമായും ജീർണിച്ച അവസ്ഥയിൽ ആണെന്ന് ബോധ്യപ്പെട്ടതായി നോട്ടീസിൽ പറയുന്നു. തകർന്ന കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം ഒഴിവാക്കി.
അപകടത്തെ തുടർന്ന് ഉണർന്ന് പ്രവർത്തിച്ച കോർപ്പറേഷൻ അധികൃതർ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. ഇന്നലെ പരിശോധിച്ച പുതിയങ്ങാടിയിലെയും കാരപ്പറമ്പിലെയും കെട്ടിടങ്ങൾ ജീരനാവസ്ഥയിൽ ആണെന്ന് ബോധ്യപ്പെട്ടു. 26ന് ചേരുന്ന കോർപ്പറേഷൻ ഭരണസമിതി യോഗം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ കുറിച്ച് കൃത്യമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടം തകർന്നു മരിച്ച നാല് പേർക്കും വേദനയോടെ ഈ നാട് വിടചൊല്ലി. ദുരന്തത്തെ തുടർന്ന് വലിയ അങ്ങാടിയിൽ ഹർത്താൽ ആചരിച്ചു. തൊഴിലാളികളുടെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ഇന്ന് രാവിലെ അനുശോചനയോഗവും കഴിഞ്ഞ ശേഷമാണ് മാർക്കറ്റ് പൂർവ്വ സ്ഥിതിയിലായത്. കഴിഞ്ഞദിവസം മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ലോറികളുടെ നീണ്ട നിര മാർക്കറ്റും പിന്നിട്ട് പരിസര പ്രദേശങ്ങളിലേക്കും ബീച്ച് റോഡിലേക്കും നീണ്ടു.
. നഗരത്തിനു പേരിൻ്റെ പെരുമ മാത്രമോ?
പേരുകേട്ട കോഴിക്കോട് നഗരത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാമോ എന്ന ചോദ്യം ശക്‌തമായി ഉയരുന്നു. കോഴിക്കോടിന്റെ പെരുമകൾ അറിഞ്ഞ് എത്തുന്നവർ പലപ്പോഴും കാണുന്നത് കത്തുന്ന നഗരം. തകർന്നു വീഴുന്ന കെട്ടിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകൾ, പരന്ന് ഒഴുകുന്ന മലിനജലം എന്നിവയൊക്കെയാണ്. ഇതെല്ലാം കോഴിക്കോട് എന്ന ബ്രാൻഡിനു പേരുദോഷം വരുത്തുന്നതായി യുവ സമൂഹം പറയുന്നു. ഈ നഗരത്തിനു പേരിൻ്റെ പെരുമ മാത്രമാണോ ഉള്ളതെന്ന് മറ്റുള്ളവർ ചോദിച്ചാൽ കോഴിക്കോട്ടുകാർ എന്ത് ഉത്തരം പറയുമെന്നും യുവജനങ്ങൾ ചോദിക്കുന്നു. അപകടം പതിയിരിക്കുന്ന ഓടകൾ നഗരത്തിനു തീരാ ശാപമാണ്. പുതിയ കോർപ്പറേഷൻ ഭരണ സമിതി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
•രക്ഷാ ദൗത്യത്തിൽ ഇന്നും മറക്കാത്ത പേര് നൗഷാദ്
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ കോഴിക്കോട് ഒറ്റക്കെട്ടായി അതിനെ നേരിടുന്നതു കൊണ്ട് മാത്രമാണ് ഇതിന്റെ എല്ലാം ആഘാതം കുറയ്ക്കുന്നത്. കഴിഞ്ഞ ദിവസം തുണിക്കടക്ക് തീപിടിച്ചപ്പോഴും നഗരം ഈ കൂട്ടായ്മ കണ്ടിരുന്നു കെട്ടിടം തകർന്ന് പരുക്കേറ്റവരെ പുറത്തെടുക്കാനും ആദ്യം ഓടിയെത്തിയത് ഈ നഗരത്തിലെ സാധാരണ മനുഷ്യരാണ്. അവർ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ചാണ് കുറ്റൻ കോൺക്രീറ്റ് പാളി മാറ്റി അതിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
കോഴിക്കോട് നഗരത്തിൽ മാൻ ഹോൾ വൃത്തിയാക്കുന്നതിനിടെ അഥിതിത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻ നോക്കാതെ മാൻ ഹോളിനുള്ളിലേക്ക് രക്ഷാപ്രവർത്തനത്തിനു ഇറങ്ങി മരിച്ച നൗഷാദ് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ് 2015 നവംബറിലായിരുന്നു നൗഷാദ് ഉൾപ്പെടെയുള്ളവർ മരിച്ച ദുരന്തം. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു നൗഷാദ്.
. ജനങ്ങളുടെ ആവശ്യം
കാലത്തിനു അനുസരിച്ചുള്ള സൗകര്യങ്ങളിലേക്കും സുരക്ഷിതത്വത്തിലേക്കും കോഴിക്കോട് നഗരം മാറണമെന്ന് പുതിയ തലമുറ ഒന്നാകെ ആവശ്യപ്പെടുന്നു. ഇവർ ആഗ്രഹിക്കുന്നത് വഴി വിട്ട സഹായങ്ങളും മറ്റുമല്ല, ക്യത്യമായ നടപടികൾ മാത്രമാണ്. രാഷ്ട്രീയ ഒത്തുതീർപ്പുകളെ എല്ലാം ഇവർ തള്ളിക്കളയുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എടുക്കുന്ന നടപടികളല്ല, മറിച്ച് ദുരന്തങ്ങൾ ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതികളാണ് കോഴിക്കോട് നഗരം ആവശ്യപ്പെടുന്നത്. കോഴിക്കോടിൻ്റെ സുരക്ഷയ്ക്കും സമഗ്ര വികസനത്തിനും ആധുനികമായ പദ്ധതികൾ ഉണ്ടാകണമെന്ന് ജനങ്ങൾ ഒന്നാകെ ആവശ്യപ്പെടുന്നത്. ഇതിനായി പതിറ്റാണ്ടുകൾ മുൻകൂട്ടി കണ്ടുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങളും അഗ്നിബാധയും ചരിത്ര പ്രാധാന്യമുള്ള ഈ നഗരത്തിന് വലിയ തിരിച്ചടിയാണെന്ന് തിരിച്ചറിയാനുള്ള വിവേകം നഗര ഭരണാധികാരികൾക്ക് ഉണ്ടാകണം. എങ്കിൽ മാത്രമേ ഈ നഗരത്തോട് നീതി പുലർത്തി എന്നു പറയാൻ കഴിയൂ. വാണിജ്യ വ്യാപാര രംഗത്ത് നൂറ്റാണ്ടുകൾക്ക് മുൻപേ കോഴിക്കോടിന് ഉണ്ടായ പ്രാധാന്യം ചരിത്രശേഷിപ്പുകളോടെ സംരക്ഷിക്കുകയും ചെയ്യണം. കോഴിക്കോടിൻ്റെ പെരുമ ഇനിയും വളരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍