ഗൂഡല്ലൂർ കാടുകളിൽ പൊന്ന് തിരയുന്ന സംഘങ്ങൾ സജീവം
ഗൂഡല്ലൂർ : സ്വർണം തിരഞ്ഞ് മലയാളികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഗൂഡല്ലൂർ കാടുകളിൽ അനധികൃത ഖനനം നടത്തുന്നതായ വിവരത്തെ തുടർന്ന് വനം വകുപ്പ് പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനധികൃത സ്വർണ ഖനനവുമായി ബന്ധപ്പെട്ട് 124 കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനപാലകർ കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. പരിശോധനയിൽ കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അൻപതോളം കുഴികൾ വനംവകുപ്പ് അടപ്പിച്ചു. അനധികൃതമായി ഖനനം നടത്തുന്നതിന് ഇവയെല്ലാം പുതുതായി എടുത്തതാണെന്നും
അടുത്ത പത്ത് ദിവസത്തിനുള്ളിൽ മേഖലയിലെ മുഴുവൻ അനധികൃത തുരങ്കങ്ങളും പൂർണ്ണമായി മൂടുമെന്നും ഡി.എഫ്.ഒ അറിയിച്ചു.
ബ്രിട്ടീഷ് കാലത്ത് ഉപേക്ഷിക്കപ്പെട്ട ഖനികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഖനനം നടക്കുന്നത്. 200 അടി വരെ താഴ്ചയുള്ള അപകടകരമായ തുരങ്കങ്ങളിൽ ഇറങ്ങിയാണ് മണ്ണും കല്ലും ശേഖരിക്കുന്നത്. ഇത് അരച്ച് മെർക്കുറി ഉപയോഗിച്ച് സ്വർണം വേർതിരിക്കുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളിൽ വൻതോതിൽ വിഷാംശം കലരാൻ കാരണമാകുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഖനനം നടത്തുന്നതിനാൽ മണ്ണ് ഇടിഞ്ഞും ശ്വാസംമുട്ടിയും മരണങ്ങൾ സംഭവിക്കാറുണ്ട്. വനമേഖലയിൽ പരിശോധന ശക്തമാക്കിയതോടെ സമീപത്തെ തേയിലത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണു വിവരം. ഇത്തരം സംഘങ്ങൾക്ക് സഹായങ്ങൾ നൽകുന്ന തോട്ടം ഉടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ ആർഡിഒ നിർദ്ദേശം നൽകി. സ്വർണത്തിന് വലിയതോതിൽ വിലവർധന ഉണ്ടായതോടെയാണ് ഇടക്കാലത്ത് അനധികൃത ഖനനം വീണ്ടും വ്യാപകമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍