മുംബൈ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ തമ്മിൽ ഉരസൽ. റൺവേയിലേക്ക് നീങ്ങുന്നതിനിടെ ഇരു വിമാനങ്ങളുടെയും ചിറകുകൾ തമ്മിൽ ഉരസുകയായിരുന്നു. വിമാനങ്ങളിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേില്ല.
മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ ടാക്സിവേയിൽ കാത്തുനിൽക്കുകയായിരുന്നു എയർ ഇന്ത്യ വിമാനവും ഹൈദരാബാദിൽ നിന്ന് എത്തി പാർക്കിംഗ് ഏരിയയിലേക്ക് വരികയായിരുന്നു ഇൻഡിഗോ വിമാനവുമാണ് തമ്മിൽ ഉരസിയത്. തിരക്കിനിടയിൽ രണ്ട് വിമാനങ്ങളുടെയും വലതുവശത്തെ ചിറകുകൾ തമ്മിൽ തട്ടുകയായിരുന്നു.
അപകടത്തിന് പിന്നാലെ സുരക്ഷാ പരിശോധനകൾക്കായി രണ്ട് വിമാനങ്ങളെയും മാറ്റി. കോയമ്പത്തൂരിലേക്കുള്ള യാത്രക്കാർക്കായി എയർ ഇന്ത്യ പകര സംവിധാനം ഏർപ്പെടുത്തി. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായും കമ്പനികൾ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനങ്ങൾ വീണ്ടും സർവീസ് നടത്തൂ എന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അന്വേഷണത്തിന് ഉത്തരവിട്ടു. ലോകത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈയിൽ ടാക്സിവേ നാവിഗേഷനിലോ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശങ്ങളിലോ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരു വിമാനക്കമ്പനികളോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഈ സംഭവം ബാധിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍