ഗവ.മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ സമരം ശക്തമായി
തിരുവനന്തപുരം : ഇത് ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഗവ :മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി. അനിശ്ചിതകാല ഒ.പി.യും അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും സംഘടന അറിയിച്ചു.
ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നുമുള്ള വിട്ടുനില്‍പ്പും ആരംഭിക്കുമെന്ന് സംഘടനയുടെ നേതൃത്വം പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പിജി ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പി.ജി. ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരണം പിന്‍വലിച്ചു. വിഷയത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്തതാണ് സമരം ശക്തമാകാന്‍ കാരണമെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. സര്‍ക്കാര്‍ നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സംഘടന കുറ്റപ്പെടുത്തി. ഡോക്ടർമാരുടെ സമരം തുടരുന്നതിനാൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ വലയുകയാണ്. സമരം അവസാനിപ്പിച്ച് സേവനങ്ങൾ പഴയനിലയിൽ ആക്കണമെന്നാണ് രോഗികളുടെയും കൂട്ടിയിരുപ്പുകാരുടെയും ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍