Responsive Ad

എൽഡിഎഫിൻ്റെ ജാഥയെ സ്വീകരിക്കാൻ ധൻരാജിന്റെ ഭാര്യ

പയ്യന്നൂർ : ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു വി.കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കിടെ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നല്‍കാൻ കൊല്ലപ്പെട്ട ധനരാജിന്റെ ജീവിത പങ്കാളി സജിനി എത്തി ചുവപ്പ് ഷാൾ അണിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കന്‍ മേഖല ജാഥ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് രക്തസാക്ഷി ധനരാജിന്റെ പങ്കാളി സജിനി വേദിയിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻഉൾപ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ എം വി ഗോവിന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പാർട്ടിയിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ച വിഷയമാണ് വി. കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ ഉയർത്തുന്നതെന്നും  ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലില്‍ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കും.
കുഞ്ഞികൃഷ്ണനെപ്പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ഒറ്റുകാരനെപ്പോലെ മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഇന്നത്തെ ഈ സ്വീകരണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ പിന്തുണയോടെ പ്രവർത്തിച്ച കാടാലിക്കൈയായി നിലകൊണ്ടയാളുകൾക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും
അദ്ദേഹം പറഞ്ഞു.  

ഇതേക്കുറിച്ച് എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ  കുറിച്ചത് : 
പോരാളികളുടെ ജീവനും ജീവിതവുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചരിത്രത്തിലുടനീളം വഴി നടത്തിയിട്ടുള്ളത്. രക്തസാക്ഷികളുടെ  ത്യാഗോജ്ജ്വലമായ ജീവിതമാണ് ഏതിനും മീതെ ചെങ്കൊടിയെ ഉയർത്തി കെട്ടിയിട്ടുള്ളത്. പിന്നെയും പോരാടാനുള്ള ഊർജ്ജവും കരുത്തും അവർ തന്നു പോയിട്ടുള്ള സമരസ്മരണകളാണ്. പോരാളികളുടെ ചോര വീണ മണ്ണാണ് പയ്യന്നൂർ. അനശ്വര രക്തസാക്ഷി സഖാവ് സി വി ധനരാജിന്റെ ജീവിതപങ്കാളി സജിനി വികസന മുന്നേറ്റ ജാഥയെ പയ്യന്നൂരിലേക്ക് സ്വീകരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍