ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി
ന്യൂഡൽഹി : ഒരു സ്ത്രീയെയും ഗര്‍ഭകാലം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി. പ്രത്യുല്‍പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീയ്ക്കുണ്ടെന്നും, അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഏഴ് മാസം (30 ആഴ്ച) പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം അനുവദിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്.
ജസ്റ്റിസ് ബി.വി. നാഗരത്‌നയും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗര്‍ഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ പ്രത്യുല്‍പാദനപരമായ സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സ്ത്രീ നിരന്തരം ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍, അവരെ പ്രസവത്തിന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ പ്രത്യേക കേസില്‍, ഗര്‍ഭം തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും, ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണമാണിതെന്നും അവള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ, ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ധാര്‍മികവും നിയമപരവുമായ സങ്കീര്‍ണതകള്‍ ഉള്ള കേസാണിതെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഒരു കുഞ്ഞ് ജനിക്കുക എന്നത് പുതിയൊരു ജീവിതം സൃഷ്ടിക്കുന്നതാണെങ്കിലും, ഈ കേസില്‍ പെണ്‍കുട്ടിയുടെ ആഗ്രഹത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് എല്ലാ സുരക്ഷിത മെഡിക്കല്‍ മാര്‍ഗങ്ങളും പാലിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ മുംബൈയിലെ ജെ.ജെ ആശുപത്രിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
നേരത്തെ ബോംബെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രിംകോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍