കേരളാ സ്റ്റോറിക്ക് ലോകമാകെ നിറഞ്ഞ കൈയടികൾ
തിരുവനന്തപുരം : ഈ കേരളാ സ്റ്റോറിക്ക് ലഭിക്കുന്ന കൈയടികൾ നിലക്കുന്നില്ല.
ഇതാണ് ‘റിയൽ കേരള സ്റ്റോറി ' എന്ന് ജനങ്ങൾ. ആറ്റുകാൽ ഭക്തർക്കായി പാളയം മസ്ജിദും ക്രിസ്ത്യൻ പള്ളിയും തുറന്നുനൽകി.
പൊങ്കാല ഭക്തർക്ക് കുളിക്കാനും വിശ്രമിക്കാനും സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതിനൊപ്പം നോമ്പുകഞ്ഞിയും ചായയും വിതരണം ചെയ്ത് മാതൃകയായി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് പള്ളിയും.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തർക്കായി മതസൗഹാർദ്ദത്തിന്റെ വലിയ വാതിലുകൾ തുറന്നിട്ടാണ് പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും കേരള സ്റ്റോറി രചിച്ചത്. വർഗീയതയുടെയും ഭിന്നിപ്പിന്റെയും വാർത്തകൾക്കിടയിൽ ഐക്യത്തിന്റെ ‘യഥാർത്ഥ കേരള മാതൃക’ (Real Kerala Story) ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ് ഈ ആരാധനാലയങ്ങൾ.
കഴിഞ്ഞദിവസം ജുമാ നമസ്കാരത്തിനിടെ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നടത്തിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് നൂറുകണക്കിന് ഭക്തർക്കാണ് പള്ളിയിൽ സൗകര്യങ്ങൾ ഒരുക്കിയത്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും കുളിക്കാനും വിശ്രമിക്കാനും പള്ളിയിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ പള്ളി അങ്കണത്തിൽ വലിയ പന്തലും ഇത്തവണ ഒരുക്കിയിരുന്നു.
വിരുന്നൂട്ടായി നോമ്പുകഞ്ഞിയും ചായയും.
റമദാൻ മാസമായതിനാൽ വിശ്വാസികൾ നോമ്പിലായിരുന്നിട്ടും പൊങ്കാല ഭക്തർക്കായി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കി. കൂടാതെ, പള്ളിയങ്കണത്തിൽ പൊങ്കാല അർപ്പിച്ചവർക്ക് ചായ, ലഘുഭക്ഷണം, നോമ്പുകഞ്ഞി എന്നിവയും വിതരണം ചെയ്തു. വർഷങ്ങളായി തുടരുന്ന ഈ രീതി ഇത്തവണ കൂടുതൽ വിപുലമായാണ് നടപ്പിലാക്കിയതെന്ന് പാളയം ഇമാം വ്യക്തമാക്കി.
തൊട്ടടുത്തുള്ള സെന്റ് ജോസഫ് പള്ളിയിലും സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ വിവിധ കൂട്ടായ്മകൾ ചേർന്നാണ് തയ്യാറാക്കിയത്. ജാതിമത ഭേദമന്യേയുള്ള ഈ ഒത്തുചേരൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വലിയ പ്രശംസയാണ് ഈ സ്റ്റോറിക്ക് ലഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍