Responsive Ad

പൂരാവേശത്തിനു മുൻപ് ഉണ്ടായ ദുരന്തത്തിൽ നടുങ്ങി കേരളം


തൃശ്ശൂര്‍: മരണം തക്കം പാര്‍ത്തിരുന്ന കരിമരുന്നുശാലയില്‍ ആ പൊതിച്ചോറുകള്‍ ഇപ്പോഴും ഇരിപ്പുണ്ട്; ഉടമകള്‍ ഇല്ലാത്ത പൊതിച്ചോറുകള്‍! മുണ്ടത്തിക്കോട്ടെ ആ രണ്ടേക്കര്‍ പറമ്പില്‍ ഉച്ചയ്ക്ക് കഴിക്കാനായി വാങ്ങിയത് 40 പൊതിച്ചോറുകള്‍. അവ കഴിച്ചവര്‍ എവിടെയെന്ന ചോദ്യത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. 12 വെടിപ്പുരകള്‍ കത്തിയമര്‍ന്നപ്പോള്‍ എത്ര പേര്‍ കരിമരുന്നിന്റെ കനലില്‍ ഹോമിക്കപ്പെട്ടുവെന്ന് ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല. ഔദ്യോഗിക വിവര പ്രകാരം 13 പേർക്ക് ജീവൻ നഷ്ടമായി.
ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറി, ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ട രണ്ടേക്കറിലധികം വരുന്ന പറമ്പിലായിരുന്നു തിരുവമ്പാടിയുടെ വെടിക്കെട്ട് പുരകള്‍ സ്ഥിതി ചെയ്തിരുന്നത്. അതീവ സുരക്ഷിതമെന്ന് കരുതിയ 12 പുരകളാണ് നിമിഷനേരം കൊണ്ട് ഇല്ലാതായത്. ഒരു ഭൂകമ്പം പോലെ വിറപ്പിച്ച സ്‌ഫോടനത്തിന് പിന്നാലെ ആ രണ്ടേക്കര്‍ പ്രദേശം വെറും മണ്ണും ചാരവും മാത്രമായി മാറി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഓരോ വെടിപ്പുരയും ഓരോ മണ്ണ് കുഴിയായി മാറിയ കാഴ്ച നടുക്കുന്നതായിരുന്നു.
ഉച്ചഭക്ഷണത്തിനായി 40 പൊതിച്ചോറുകള്‍ വാങ്ങിയെന്ന വിവരം ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായിരുന്ന 40 ഓളം തൊഴിലാളികളില്‍ എത്ര പേര്‍ രക്ഷപ്പെട്ടു, എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി എന്നതിന് ഇപ്പോഴും കൃത്യമായ കണക്കില്ല. പലരും പ്രാണരക്ഷാര്‍ത്ഥം പാടത്തേക്കും പറമ്പുകളിലേക്കും ചിതറി ഓടിയെന്നാണ് വിവരം. എങ്കിലും പലരും കരിമരുന്നിന്റെ പുകയ്ക്കുള്ളില്‍ മറഞ്ഞുവോ എന്ന ഭീതിയിലാണ് നാട്.
സ്‌ഫോടനം നടന്ന മുണ്ടത്തിക്കോട്ട് സതീഷിന്റെ പറമ്പിന് സമീപത്തെ പാടങ്ങള്‍ ഇപ്പോള്‍ പടക്കങ്ങളുടെയും വെടിയുണ്ടകളുടെയും ശ്മശാനമാണ്. സ്‌ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരേക്ക് പടക്കങ്ങള്‍ തെറിച്ചുവീണു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് പോലും ഉള്ളിലേക്ക് കയറാന്‍ കഴിയാത്ത വിധം പാടങ്ങളില്‍ പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. ആകാശത്ത് നിന്നും കരിമരുന്ന് കഷണങ്ങള്‍ മഴ പോലെ പെയ്യുന്ന അതീവ ഭീകരമായ അന്തരീക്ഷം.
വെടിക്കെട്ടിന്റെ അമരക്കാരന്‍ സതീശനും മകനും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്വന്തം മണ്ണില്‍ വിരിയിക്കാന്‍ വച്ചിരുന്ന വര്‍ണ്ണവിസ്മയങ്ങള്‍ സ്വന്തം ശരീരത്തെ കാര്‍ന്നുതിന്നുന്ന കാഴ്ച കണ്ട് തൃശ്ശൂര്‍ നടുങ്ങി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത വിധം കരിഞ്ഞുപോയിരിക്കുന്നു. സ്‌ഫോടനത്തിനിടയിലും ജീവന്‍ പണയം വെച്ചാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും മതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കടന്നത്.
മുണ്ടത്തിക്കോടിന്റെ മണ്ണില്‍ ഗ്രാമവാസികള്‍ വിതുമ്പുന്നു. ഒരു ദ്വീപ് പോലെ സുരക്ഷിതമെന്ന് കരുതിയ ഇടം എങ്ങനെ മരണത്തിന്റെ വിളനിലമായി എന്നതിന് കാലം മറുപടി നല്‍കണം. കേരളത്തിന്റെ പൂരചരിത്രത്തില്‍ ഒരിക്കലും മായാത്ത കറുത്ത പാടായി ഈ 40 പൊതിച്ചോറുകളും 12 വെടിപ്പുരകളും അവശേഷിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍