ഖാർഗേക്ക് ചെരുപ്പുകൾ എടുത്തുനൽകി രാഹുലിൻ്റെ ഇടപെടൽ
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തിലെ വിഐപി സംസ്കാരങ്ങൾക്കിടയിൽ തന്റെ ലാളിത്യം കൊണ്ട് വീണ്ടും ഹൃദയം കീഴടക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചെരിപ്പ് രാഹുൽ ഗാന്ധി തന്റെ കൈകൾ കൊണ്ട് എടുത്തു നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അധികാരത്തിന്റെ പകിട്ടുകളില്ലാത്ത ഒരു ജനകീയ നേതാവിന്റെ ഹൃദയസ്പർശിയായ ഇടപെടലാണിതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുന്നു.
ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. ഖാർഗെയെ കാത്തുനിൽക്കുകയായിരുന്നു രാഹുൽ. പുറത്തെത്തിയ ഖാർഗെ തന്റെ ചെരുപ്പ് ധരിക്കാൻ അല്പം പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരൻ, തന്റെ കാലുകൊണ്ട് ആ ചെരുപ്പ് ഖാർഗെയുടെ അടുത്തേക്ക് നീക്കാൻ ശ്രമിച്ചു.
ഇതുകണ്ട രാഹുൽ ഗാന്ധി ഒട്ടും മടിക്കാതെ ഉടൻ തന്നെ താഴേക്ക് കുനിഞ്ഞ് ആ ചെരുപ്പുകൾ തന്റെ കൈകൾ കൊണ്ട് എടുത്തു. മുതിർന്ന നേതാവിനോടുള്ള ബഹുമാനപുരസ്സരം, ഖാർഗെക്ക് സൗകര്യപ്രദമായ രീതിയിൽ അദ്ദേഹത്തിന്റെ പാദങ്ങൾക്ക് മുന്നിൽ രാഹുൽ അത് വെച്ചുകൊടുത്തു.
സാധാരണയായി വിഐപി സംസ്കാരത്തിൽ മറ്റുള്ളവരുടെ പാദരക്ഷകൾ തൊടാൻ പോലും രാഷ്ട്രീയ നേതാക്കൾ മടിക്കാറുള്ളപ്പോഴാണ്, രാജ്യത്തെ പ്രധാന പ്രതിപക്ഷ മുഖമായ രാഹുൽ ഗാന്ധി ഇത്തരമൊരു ലാളിത്യം പ്രകടിപ്പിച്ചത്. വീഡിയോ വൈറലായതോടെ വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
"ഇതാണ് യഥാർത്ഥ സംസ്കാരം" എന്ന് നെറ്റിസൺസ് കുറിക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായി മുതിർന്നവരോടുള്ള ബഹുമാനവും വിനയവുമാണ് രാഹുൽ ഉയർത്തിപ്പിടിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വെറും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.
മുൻപും സാധാരണക്കാരോടൊപ്പം ഇടപഴകിയും അവരുടെ പ്രശ്നങ്ങൾ കേട്ടും വാർത്തകളിൽ നിറഞ്ഞ രാഹുൽ ഗാന്ധി, ഖാർഗെയോടുള്ള ഈ ആദരവിലൂടെ താൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍