Responsive Ad

പാറ്റ ജനതാ പാർട്ടി തരംഗമാകുന്നു


ന്യൂഡൽഹി : തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപക ജനകീയ മുന്നേറ്റമായി വളരുന്നു. 
‘എക്സ്’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മ ദിവസങ്ങൾക്കകം 56 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി. ജെൻ-സി യുവാക്കൾ കൂട്ടത്തോടെ ഏറ്റെടുത്തതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഡിജിറ്റൽ മൂവ്മെന്റുകളിലൊന്നായി സിജെപി മാറി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പാർട്ടിയിൽ അംഗത്വമെടുത്തതോടെ സംഭവം രാഷ്ട്രീയ ചർച്ചയായി.

കഴിഞ്ഞയാഴ്ച കോടതി നടപടികൾക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. "യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമായി മാറി സമൂഹത്തെ കടന്നാക്രമിക്കുകയാണ്. ഇത്തരക്കാർ പാറ്റകളെപ്പോലെ പെരുകുകയാണ്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

തന്റെ നിരീക്ഷണങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും യുവാക്കളുടെ പ്രതിഷേധം കെട്ടടങ്ങിയില്ല.

മുൻ ആം ആദ്മി സോഷ്യൽ മീഡിയ വോളന്റിയറും ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയുമായ 30-കാരൻ അഭിജീത് ദിപ്കെ മെയ് 16-ന് എക്സിൽ ഗൂഗിൾ ഫോം പങ്കുവെച്ചാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.

"ഭരണഘടനയുടെ കാവൽക്കാരനായ ചീഫ് ജസ്റ്റിസ് തന്നെ യുവാക്കളെ തരംതാഴ്ത്തി. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാറ്റ എന്ന ഐഡന്റിറ്റി സ്വീകരിക്കേണ്ടി വന്നാൽ ഞങ്ങൾ തയ്യാറാണ്" എന്ന സന്ദേശത്തോടെയാണ് സിജെപി രൂപീകരിച്ചതെന്ന് അഭിജീത് പറഞ്ഞു. 

"പാറ്റകൾ അഴുക്കിലാണ് ജീവിക്കുന്നത്. രാജ്യത്തിന്റെ വ്യവസ്ഥിതി അത്രമാത്രം ചീഞ്ഞുനാറിയിരിക്കുന്നു എന്ന പരിഹാസം കൂടിയാണിത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന മതേതര-സോഷ്യലിസ്റ്റ് കൂട്ടായ്മയായാണ് സിജെപി സ്വയം വിശേഷിപ്പിക്കുന്നത്. "അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്ന ടാഗ്‌ലൈനോടെ എഐ ടൂളുകളുടെ സഹായത്തോടെ നിർമ്മിച്ച വെബ്‌സൈറ്റും പ്രകടന പത്രികയും വൈറലായിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍