Responsive Ad

മാധ്യമപ്രവർത്തകരെ അക്രമിക്കാൻ ആഹ്വാനം ചെയ്ത വ്ലോഗർ നിസാമിനെതിരെ പരാതി

മലപ്പുറം : പാണക്കാട് മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത വ്ലോഗർ നിസാമിനെതിരെ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗിക പരാതി നൽകി.

മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണമെന്നായിരുന്നു നിസാം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പരാമർശം. മാധ്യമപ്രവർത്തകർക്കെതിരെ കൊലവിളി ഉയർത്തുന്ന തരത്തിലുള്ള ഈ ആഹ്വാനം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിച്ചത്.

ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യു.ജെ പരാതിയിൽ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തകരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വിഷയമായതിനാൽ കെ.യു.ഡബ്ല്യു.ജെ ഭാരവാഹികൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി കൈമാറി. സമൂഹത്തിൽ ബോധപൂർവം വിദ്വേഷം വളർത്താനും മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണി സൃഷ്ടിക്കാനും ശ്രമിച്ച വ്ലോഗർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍