കൗമാരക്കാരുടെ ക്രൂരത: കേരളം ഞെട്ടുന്നു
കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരായ പ്രതികൾക്ക് കൊലപാതകത്തിന് പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള തിരക്കഥയും തയ്യാറായിരുന്നെന്ന് അന്വേഷണസംഘം. പിടിയിലായാലും പൊലീസിനോട് എന്ത് പറയണമെന്നതടക്കം പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നതായാണ് കണ്ടെത്തൽ. കൗമാര സംഘത്തിന്റെ ആസൂത്രിത നീക്കം പൊലീസിനെയും ഞെട്ടിച്ചു.
കൊലപാതകം നടത്തിയ മൂന്ന് ആൺകുട്ടികളെയും മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം ഒരേസമയം കസ്റ്റഡിയിലെടുത്തത്. പരസ്പരം ആശയവിനിമയം നടത്താൻ അവസരം ലഭിച്ചില്ലെങ്കിലും മൂവരും പൊലീസിനോട് പറഞ്ഞത് ഒരേ കഥ. പെൺകുട്ടിയുടെ വയറ്റിൽ മുഴയുണ്ടെന്നും ശസ്ത്രക്രിയയ്ക്കുള്ള പണം നൽകാനാണ് ഹരിപ്പാട് എത്തിയതെന്നുമായിരുന്നു മൊഴി. പണം നൽകാനായി പെൺകുട്ടി വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ചുനൽകുകയും വിഡിയോ കോൾ ചെയ്യുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.
പണം നൽകി മടങ്ങിയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ മൂവരുടെയും നിലപാട്.
കൊലപാതകത്തിന്റെ സംശയം സ്വന്തം പിതാവിലേക്ക് തിരിക്കാനും പെൺകുട്ടി ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ടയാളുടെ ഇളയമകളുടെ ആദ്യഭർത്താവാണ് പെൺകുട്ടിയുടെ പിതാവ്. ഇയാളും കൊല്ലപ്പെട്ട മുത്തച്ഛനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി.
എന്നാൽ പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റുകളും തെളിവായി നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെയും പ്രതികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 15ന് രാത്രി കൊല നടത്തിയ ശേഷം 16ന് പുലർച്ചെ മൂവരും പരവൂരിലെത്തി. കരുവാറ്റയിലെ വീട്ടിൽനിന്ന് കവർന്ന സ്വർണാഭരണങ്ങളിൽ ഒരു മാല പണയം വയ്ക്കാനായി പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഏൽപ്പിക്കുകയും ചെയ്തു.
ഇതേ ദിവസം പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ 19കാരി സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇയാൾക്കൊപ്പമാണ് മൂന്ന് പ്രതികളും അന്ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്.
കരുവാറ്റയിലെ വീട്ടിൽനിന്ന് നഷ്ടമായ ആഭരണങ്ങളിൽപ്പെട്ട മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല പിന്നീട് പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നാലെ തെളിവുകൾ മറച്ചുവയ്ക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രതികൾ നടത്തിയ നീക്കങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
'എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…' എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തല്‍.
കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
സ്വന്തമായി ഐഫോണ്‍ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സുഹൃത്തുക്കളെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടി കൃത്യം നടപ്പാക്കിയത്. കൊലപാതക വിവരം ഫോണിലൂടെ ത തത്സമയം വീഡിയോ കോളിലൂടെ കാണിച്ചു നല്‍കിയതായും കണ്ടെത്തിയിരുന്നു.
എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി മാനസികമായി തകർന്നതും വീട്ടില്‍ നിന്നനുഭവിച്ച സ്നേഹക്കൂടുതലും കുടുംബ പശ്ചാത്തലവും വിവരിച്ച് കരഞ്ഞതും. കുറ്റകൃത്യത്തിന് പിന്നിലെ ക്രൂരതയ്ക്ക് പുറമെ കൗമാരക്കാരുടെ മാനസിക അവസ്ഥയും കുടുംബ ബന്ധങ്ങളിലെ വിടവുകളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്. പോലീസും കൗണ്‍സിലർമാരും പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നടപടികള്‍ നല്‍കിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍